vaccine

ന്യൂഡൽഹി: വിദേശ നിർമ്മിത കൊവിഡ് വാക്സിനുകൾ ഇന്ത്യയിൽ ഇറക്കുമതി ചെയ്ത് ഉപയോഗിക്കുന്നതിനുള്ള അനുമതി അതിവേഗമാക്കുന്നതിനുള്ള മാർഗനിർദ്ദേശം കേന്ദ്രം പുറത്തിറക്കി. വ്യവസ്ഥകളനുസരിച്ചുള്ള പൂർണമായ അപേക്ഷ ലഭിച്ച തീയതി മുതൽ മൂന്ന് പ്രവൃത്തി ദിവസത്തിനുള്ളിൽ ഡ്രഗ്സ് കൺട്രോളർ അടിയന്തര ഉപയോഗ അനുമതിയിൽ തീരുമാനമെടുക്കും.

യു.എസ്, യു.കെ, ജപ്പാൻ, യൂറോപ്പ് എന്നിവിടങ്ങളിൽ ഉപയോഗിക്കുന്ന വാക്സിനുകൾക്കും ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗ പട്ടികയിലുള്ള വാക്സിനുകളെയുമാണ് പരിഗണിക്കുക.

വിദേശ നിർമ്മാതാവിന് അതിന്റെ ഇന്ത്യൻ ഉപസ്ഥാപനം വഴിയോ, ഉപസ്ഥാപനമില്ലെങ്കിൽ ഇന്ത്യയിലെ അംഗീകൃത ഏജന്റ് വഴിയോ അടിയന്തര സാഹചര്യങ്ങളിൽ നിയന്ത്രിത ഉപയോഗത്തിനുള്ള അപേക്ഷ കേന്ദ്ര ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന് നൽകാം. വാക്‌സിൻ ഉപയോഗിക്കൽ വാക്‌സിനേഷൻ പദ്ധതിയിൽ നിർദ്ദേശിച്ചിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി മാത്രമായിരിക്കും. രാജ്യവ്യാപകമായി ഉപയോഗിക്കും മുമ്പ് ആദ്യ 100 ഗുണഭോക്താക്കൾക്ക് വാക്സിൻ നൽകി ഒരാഴ്ച നിരീക്ഷിച്ച് വിലയിരുത്തും. ഈ ഡേറ്റ സി.ഡി.എസ്.സി.ഒ വിലയിരുത്തി തൃപ്തികരമാണെന്ന് കണ്ടെത്തിയാൽ മാത്രം തുടരുപയോഗത്തിന് അനുമതി നൽകുകയുള്ളൂ. പ്രോട്ടോക്കോൾ പ്രകാരമുള്ള സമയപരിധിക്കുള്ളിൽ അപേക്ഷകൻ ബ്രിഡ്ജിംഗ് ട്രയൽ നടത്തി ഡാറ്റ സമർപ്പിക്കണം.

വാക്സിനുകൾ കുത്തിവയ്ക്കാൻ ഉപയോഗിക്കുന്നതിന് മുമ്പ് ഓരോ ബാച്ചും ഹിമാചലിലെ കസൗലിയിലെ സെൻട്രൽ ഡ്രഗ്‌സ് ലബാറോട്ടറി അംഗീകരിച്ച് പുറത്തിറക്കും.