sc

ന്യൂഡൽഹി : കൊളീജിയം ശുപാർശകളിൽ തീരുമാനമെടുക്കാതെ അനിശ്ചിതമായി നീളുന്ന നിയമനങ്ങളിൽ മൂന്ന് മാസത്തിനുള്ളിൽ തീപ്പുണ്ടാക്കുമെന്ന് കേന്ദ്ര സർക്കാരിനായി അഡ്വക്കേറ്റ് ജനറൽ കെ.കെ. വേണുഗാപാൽ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചിനെ അറിയിച്ചു.ഹൈക്കോടതികളിലെ ഒഴിവുകൾ നികത്തുന്ന കാര്യത്തിൽ ശുപാർശകൾ കുറച്ചാണ് ലഭിച്ചതെന്ന് എ.ജി. അറിയിച്ചു.

1080 ജഡ്ജിമാർ വേണ്ടിടത്ത് ആകെ 416 ഒഴിവുകളുണ്ട്. 196 ശുപാർശകൾ ലഭിച്ചു. 220 തസ്കികകളിലേക്ക് ശുപാർശകൾ സമർപ്പിച്ചിട്ടില്ലെന്നും എ.ജി. വ്യക്തമാക്കി. അഞ്ച് വർഷത്തിലധികമായുള്ള ഒഴിവുകളിലേക്ക് ആന്ധ്ര പ്രദേശ്,​ ഛത്ത്സീഗഡ്,​ ഗുജറാത്ത്,​ ജാർഖണ്ഡ്,​ മേഖാലയ,​ ഒറീസ,​ സിക്കിം,​ ബോംബെ,​ കൊൽക്കത്ത,​ ഡൽഹി,​ ഗുവാഹത്തി,​ ജമ്മു കാശ്മീർ,​ലഡാക്ക്,​ കർണാടക,​ മദ്ധ്യപ്രദേശ് തുടങ്ങി പതിനഞ്ചോളം സംസ്ഥാനങ്ങളിലെ ഹൈക്കോടതികളിൽ നിന്ന് ശുപാർശ ലഭിച്ചിട്ടില്ല. ഇക്കാര്യത്തിൽ ശുപാർശ സമർപ്പിക്കാൻ ഉടൻ ഹൈക്കോടതികൾക്ക് നിർദേശം നൽകാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. താൽക്കാലിക ജഡ്ജിനിയമനം : വിധി പറയാൻ മാറ്റി ഹൈക്കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കാൻ താത്കാലിക ജഡ്ജിമാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ലോക് പ്രഹരി എന്ന സന്നദ്ധസംഘടന സമർപ്പിച്ച ഹർജിയിൽ വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റി.ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയുടെ മൂന്നംഗ ബെഞ്ചാണ് വാദം കേട്ടത്.

ഗാർഹിക ഉത്തരവാദിത്വങ്ങളുടെ പേരിൽ
വനിതാ അഭിഭാഷകർ ജഡ്ജി സ്ഥാനം നിരസിക്കുന്നെന്ന് ചീഫ് ജസ്റ്റിസ്

ഗാർഹിക ഉത്തരവാദിത്തങ്ങളുടെ പേരിൽ വനിതാ അഭിഭാഷകർ ജഡ്ജിയാകാനുള്ള ക്ഷണം നിരസിക്കുന്നതായി സുപ്രീംകോടതി കോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ. സുപ്രീംകോടതിയിലും ഹൈക്കോടതിയിലും പ്രാക്ടീസ് ചെയ്യുന്ന യോഗ്യരായ വനിതാ അഭിഭാഷകരെ ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കണമെന്നുള്ള സുപ്രീംകോടതി വനിതാ അഭിഭാഷകരുടെ കൂട്ടായ്മ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമർശം

‘‘ഹൈക്കോടതി ജഡ്ജി ആകുന്നതിനായി നിരവധി സ്ത്രീകളെ ക്ഷണിച്ചതായി ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർ പറഞ്ഞു. എന്നാൽ അവർ ക്ഷണം നിരസിച്ചു. ഗാർഹിക ഉത്തരവാദിത്തങ്ങളാണ് കാരണമായി പറയുന്നത്. വനിതാ ജഡ്ജിമാരെ നിയമിക്കുന്നതിന് ഓരോ കോളീജിയവും ശ്രദ്ധിക്കുന്നുണ്ട്. ഹൈക്കോടതി ജഡ്ജിയായി മാത്രമല്ല സുപ്രീംകോടതി ചീഫ് ജസ്റ്റിസുകളായി വനിതകൾ വരേണ്ട സമയമായെന്നും അദ്ദേഹം പറഞ്ഞു.

ഉയർന്ന കോടതികളിൽ സ്ത്രീ പ്രാതിനിദ്ധ്യം കുറവാണെന്നും ഹൈക്കോടതി ജഡ്ജിമാരുടെ ഒഴിവ് സംബന്ധിച്ച് നിലവിൽ സുപ്രീംകോടതിയിലുള്ള കേസിനൊപ്പം അപേക്ഷ പരിഗണിക്കണമെന്നുമാണ് ഹർജിക്കാരുടെ ആവശ്യം. ജുഡിഷ്യറിയിൽ സ്ത്രീ പ്രാതിനിദ്ധ്യം ഉറപ്പാക്കാൻ കൂടുതൽ നിയമനം നടത്തണമെന്നും ഹർജിക്കാർ ആവശ്യപ്പെടുന്നു.