ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ സിംഘുവിൽ സമരം നടത്തുന്ന കർഷകരുടെ രണ്ട് ടെന്റുകൾക്കും ഒരു കാറിനും അജ്ഞാതൻ തീയിട്ടു. ടെന്റുകളിലെ കിടക്കയും കസേരകളുമടക്കം കത്തിനശിച്ചു. ആർക്കും പരിക്കില്ല.
ഇന്നലെ രാത്രി 12 മണിയോടെ ഒരാൾ ടെന്റിന് അടുത്തെത്തി തീയിട്ടതാണെന്ന് കർഷകർ പറഞ്ഞു. ആളിക്കത്തിയ തീ കർഷകർ തീയണച്ചു. അതിനിടെ രണ്ടാമതൊരു ടെന്റിന് കൂടി തീയിട്ട് അക്രമി രക്ഷപ്പെട്ടു. കർഷകർ പൊലീസിൽ പരാതി നൽകി. സംഭവത്തെ സംയുക്ത കിസാൻ മോർച്ച അപലപിച്ചു.
അതിനിടെ അംബേദ്ക്കർ ജയന്തി ദിനത്തിൽ ഹരിയാനയിലെ സൊനിപ്പത്ത് ജില്ലയിലെ ബറൗലി ഗ്രാമത്തിലെ ചടങ്ങ് മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ ഉപേക്ഷിച്ചു. മുഖ്യമന്ത്രിയെ ഗ്രാമത്തിൽ പ്രവേശിപ്പിക്കില്ലെന്ന് സർവ്വജാതി- സർവ്വഖാപ് പഞ്ചായത്ത് തീരുമാനിച്ചിരുന്നു. ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാലയെ തടയാൻ ശ്രമിച്ച കർഷകരെ കൈതാലിൽ പൊലീസ് ലാത്തിച്ചാർജ്ജ് നടത്തി.
സമരത്തിലുള്ള കർഷകർ ഡൽഹിയിലെ സമരകേന്ദ്രങ്ങളിൽ അംബേദ്ക്കർ ദിനം 'ഭരണഘടനാ സംരക്ഷണ' ദിവസമായും 'കിസാൻ-- ബഹുജൻ' ഐക്യദിവസവുമായി ആചരിച്ചു. ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് ഗാസിപ്പൂർ, സിംഘു സമരകേന്ദ്രങ്ങളിലെത്തി ഐക്യദാർഢ്യമറിയിച്ചു.