രാജ്യം സ്വാതന്ത്ര്യമെന്ന അമൂല്യ സമ്പത്ത് തിരിച്ചു പിടിച്ചിട്ട് 73 വർഷം പിന്നിടുന്നു. സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഇന്ത്യയിൽ ഒരു വനിതാ രാഷ്ട്രപതിയും വനിതാ പ്രധാനമന്ത്രിയും അനേകം വനിതാ മുഖ്യമന്ത്രിമാരും മന്ത്രിമാരും ഗവർണർമാരുമൊക്കെ ഉണ്ടായിട്ടുണ്ടെങ്കിലും ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയിൽ ഇതുവരെ ഒരു വനിതാ ചീഫ് ജസ്റ്റിസ് ഉണ്ടായിട്ടില്ല. ചീഫ് ജസ്റ്റിസ് ഉണ്ടായിട്ടില്ലെന്നത് ഒഴിവാക്കാം, എത്ര വനിതാ ജഡ്ജിമാർ സുപ്രീംകോടതിയുടെ നീതിപീഠത്തിൽ ഇരുന്നിട്ടുണ്ട് ? വെറും എട്ടു പേർ! അതും വിടാം! രാജ്യത്ത് 25 ഹൈക്കോടതികളുണ്ട്. ഇതിൽ ആകെ ഒരു കോടതിയിൽ മാത്രമാണ് വനിത ചീഫ് ജസ്റ്റിസുള്ളത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിയമ വിദ്യാർത്ഥികളിൽ പകുതിയിലധികവും പെൺകുട്ടികളാണ്. അഭിഭാഷകവൃത്തി തൊഴിലായി തിരഞ്ഞെടുത്ത സ്ത്രീകൾ ഏറെയുണ്ടെങ്കിലും ഈ മഹത്തായ തൊഴിലിന്റെ ഉന്നത തസ്തികകളിലേക്കെത്താൻ സ്ത്രീകൾക്ക് പലപ്പോഴും കഴിയാതെ പോകുന്നു. നിയമത്തിൽ പ്രാഗല്‌ഭ്യവും അറിവുമുള്ള വനിതകളില്ലാഞ്ഞിട്ടാണോ? അതോ ഉന്നത സ്ഥാനങ്ങളിലേക്കുള്ള ശുപാർശകളിൽ വനിതകൾക്ക് നേരിടേണ്ടി വരുന്ന അയിത്തമാണോ ഇതിന് കാരണം ?
ഒറ്റസംഖ്യ കടക്കാത്ത കണക്കുകൾ
1935 ഒക്ടോബറിൽ സ്ഥാപിതമായ ഇന്ത്യൻ സുപ്രീം കോടതി 1950 ജനുവരിയിൽ അതിന്റെ നിലവിലെ രൂപം ഏറ്റെടുക്കുന്നതു വരെ ഇന്ത്യയുടെ ഫെഡറൽ കോടതിയായി പ്രവർത്തിച്ചു. തുടക്കത്തിൽ ജഡ്ജിമാരുടെ എണ്ണം എട്ടായിരുന്നു. കേസുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ജഡ്ജിമാരുടെ എണ്ണവും കൂടി. ഈ പരമോന്നത പീഠത്തിലേക്ക് ആദ്യം ഒരു വനിതാ ജഡ്ജിയെ എത്തിക്കുന്നത് 1989ലാണ്. അതായത് ഇന്ത്യയുടെ ഫെഡറൽ കോടതിയായി രൂപം കൊണ്ട് 39 വർഷത്തിന് ശേഷം. മലയാളി ഫാത്തിമ ബീവിയായിരുന്നു അത്. ഇന്ന്
ഇന്ന് ചീഫ് ജസ്റ്റിസ് ഉൾപ്പെടെ ആകെ 34 ജഡ്‌ജിമാരുടെ ഒഴിവുണ്ടെങ്കിലും 29 ജഡ്ജിമാർ നിലവിലുണ്ട്. ഇതിൽ ഇന്ദിര ബാനർജിയാണ് നിലവിൽ ഏക വനിതാ അംഗം. രാജ്യത്തെ പരമോന്നത കോടതിയിൽ ഒരു വനിതാ ജഡ്‌ജി മാത്രമേയുള്ളൂവെന്ന കാര്യം ആശങ്കാജനകമാണെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.''ഇത് വളരെയധികം ആശങ്കാജനകമാണ്. നമ്മുടെ രാജ്യത്തിന്റെ വൈവിദ്ധ്യം നീതിന്യായ വ്യവസ്ഥയിലും പ്രതിഫലിക്കണം. അത് കാഴ്ചപ്പാടുകളുടെ വൈവിദ്ധ്യം ഉറപ്പാക്കും. പൊതുസമൂഹത്തിൽ കൂടുതൽ വിശ്വാസം ഉറപ്പാക്കും ''- സുപ്രീംകോടതി യംഗ് ലോയേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതി ചീഫ് ജസ്റ്റിസുകളായി വനിതകൾ വരേണ്ട സമയമായെന്ന് നിലവിലെ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയും കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.
ഹൈക്കോടതികളിലും തഥൈവ
രാജ്യത്തെ 25 ഹൈക്കോടതികളിൽ 1,113 ജഡ്‌ജിമാർ വേണമെന്നാണ് കണക്ക്. നിലവിൽ 661 ജഡ്‌ജിമാരാണ് ആകെയുള്ളത്. അതിൽ 78 പേർ മാത്രമാണ് വനിതകൾ. അതായത്. ആകെ ജഡ്ജിമാരുടെ എണ്ണത്തിൽ 7.2 ശതമാനം മാത്രം സ്ത്രീ പ്രാതിനിധ്യം. ഹരിയാന & പഞ്ചാബ് ഹൈക്കോടതിയിൽ 85 ജഡ്ജിമാരിൽ 11 പേർ വനിതകൾ, മദ്രാസ് ഹൈക്കോടതിയിലാകട്ടെ 75ൽ ഒൻപത് പേർ. ഡൽഹി, ബോബംബെ ഹൈക്കോടതികളിൽ എട്ട് വീതം. മറ്റ് ആറ് സംസ്ഥാനങ്ങളിലെ ഹൈക്കോടതികളിൽ ഒന്നു വീതം വനിതകൾ ജഡ്‌ജിയായിരിക്കുന്നു. മണിപ്പൂർ, മേഘാലയ, പാറ്റ്ന, ത്രിപുര, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ചരിത്രത്തിൽ ഇതുവരെ വനിതാ ജഡ്‌ജിമാരെ നിയമിച്ചിട്ടില്ല. രാജ്യത്തെ ഇരുപത്തിയഞ്ച് ഹൈക്കോടതികളിൽ തെലങ്കാന ഹൈക്കോടതിയിൽ മാത്രമാണ് വനിതാ ചീഫ് ജസ്റ്റിസുള്ളത്.
കീഴ്കോടതികളിലേയും ട്രൈബ്യൂണലുകളിലേയും വനിതാപ്രാതിനിദ്ധ്യം കണക്കുകൾ കേന്ദ്രത്തിന്റെ കൈയിലില്ലെന്ന് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ മൂന്ന് മാസം മുൻപ് സുപ്രീംകോടതിയിൽ അറിയിച്ചിരുന്നു.( വലിയൊരു വിപ്ലവം അവിടേയും ദൃശ്യമാകാൻ സാദ്ധ്യതയില്ല.) ലിംഗ വൈവിദ്ധ്യമാർന്ന ജുഡീഷ്യറി പക്ഷപാതരഹിത ജുഡീഷ്യറിയെ പ്രതിഫലിപ്പിക്കുന്നുവെന്നും അൻപത് ശതമാനം വനിത പ്രാതിനിദ്ധ്യം ഉറപ്പാക്കേണ്ടത് സുപ്രീംകോടതിയുടെ കടമയാണെന്നും എ.ജി. കൂട്ടിച്ചേർത്തിരുന്നു.
സുപ്രീംകോടതിയുടെ മുതിർന്ന അഭിഭാഷകരുടെ പട്ടിക പ്രകാരം, നാല് ശതമാനം മാത്രമാണ് സ്ത്രീകൾ (400 പുരുഷന്മാർക്കെതിരെ 16). ഏറ്റവും കൂടുതൽ വനിതാ അഭിഭാഷകരുള്ളത് മഹാരാഷ്ട്രയിലാണെങ്കിലും ബോംബെ ഹൈക്കോടതിയിലെ മുതിർന്ന വനിതാ അഭിഭാഷകർ 3.8 ശതമാനം മാത്രമാണ്. നിയുക്ത മുതിർന്ന വനിതാ അഭിഭാഷകരുടെ എണ്ണം ആനുപാതികമായി കുറയുമ്പോൾ, കൂടുതൽ സ്ത്രീകൾ ജഡ്‌ജിമാരാകാനുള്ള സാധ്യതയും വളരെ കുറവാണ്. കൊളീജിയം ശുപാർശകളിൽ വനിതകൾ ഇടം നേടാതെ പോകുന്നു.
ഹൈക്കോടതി ജഡ്‌ജി ആകുന്നതിനായി നിരവധി സ്ത്രീകളെ ക്ഷണിച്ചതായും എന്നാൽ ഗാർഹിക ഉത്തരവാദിത്വങ്ങളുടെ പേരിൽ വനിതാ അഭിഭാഷകർ ജഡ്ജിയാകാനുള്ള ക്ഷണം നിരസിക്കുന്നതായി സുപ്രീംകോടതി കോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ കഴിഞ്ഞ ദിവസം ഒരു പരാമർശം നടത്തിയിരുന്നു. സുപ്രീംകോടതിയിലും ഹൈക്കോടതിയിലും പ്രാക്ടീസ് ചെയ്യുന്ന യോഗ്യരായ വനിതാ അഭിഭാഷകരെ ഹൈക്കോടതി ജഡ്‌ജിമാരായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി വനിതാ അഭിഭാഷകരുടെ കൂട്ടായ്മ സുപ്രീംകോടതിയിൽ നൽകിയ ഹർജിയിലായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമർശം. ഈ നിരീക്ഷണം തൊണ്ട തൊടാതെ വിഴുങ്ങാനാകില്ലെന്ന് വനിതാ അഭിഭാഷകർ തന്നെ പറയുന്നു.
'മുതിരാത്ത വനിതാ 'അഭിഭാഷകർ
മുതിർന്ന അഭിഭാഷക സ്ഥാനം പോലും വനിതകൾക്ക് നിരാകരിക്കപ്പെടുന്നു. സുപ്രീംകോടതിയിൽ ആകെ 403 മുതിർന്ന അഭിഭാഷകരുണ്ട്. ഇതിൽ ആകെ 17 പേരാണ് സ്ത്രീകൾ. ഡൽഹി കോടതിയിൽ 229 ൽ എട്ടുപേർ. ബോംബെ ഹൈക്കോടതിയിൽ 157ൽ ആറു പേർ.
പ്രാഗല്‌ഭ്യവും കഠിനാദ്ധ്വാനവും ഇല്ലാഞ്ഞിട്ടില്ല, മറിച്ച് താഴെത്തട്ടിൽ നിന്ന് അറിഞ്ഞോ അറിയാതെയോ സ്ത്രീകൾ തഴയപ്പെടുന്നു. മുതിർന്ന അഭിഭാഷകൻ സ്ഥാനം, കീഴ് കോടതികളിലും ഹൈക്കോടതികളിലും നിക്ഷേധിക്കപ്പെടുന്ന ജഡ്‌ജിസ്ഥാനം ഇങ്ങനെ മുകളിലേക്കെത്തുമ്പോൾ കൊളീജിയം ശുപാർശകളിലെത്തുന്ന വനിതകളുടെ എണ്ണം തുലോം ചെറുതായി പോകുന്നു.
കാത്തിരിക്കുന്ന ചരിത്രമുഹൂർത്തം
സുപ്രീംകോടതിയിൽ നിലവിലുള്ള അഞ്ച് ജഡ്‌ജിമാരുടെ ഒഴിവുകളിലേക്ക് മൂന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും രണ്ട് വനിത ജഡ്ജിമാരുടെയും പേരാണ് ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ മുന്നോട്ടുവച്ചതെന്നതും ശുഭസൂചകമായ മാറ്റമാണ്. ആ മൂന്നു പേരിൽ ഒരാണ് നിലവിൽ കർണാടക ഹൈക്കോടതി ജഡ്‌ജി ബി.വി. നാഗരത്ന. നാഗരത്നയുടെ കാര്യത്തിൽ കൊളീജിയം അംഗീകാരം നൽകി ശുപാർശ കേന്ദ്രത്തിന് അയച്ച് നിയമനം സാദ്ധ്യമായാൽ അത് ചരിത്രമാകും. കാരണം ഇന്ത്യയുടെ ആദ്യ വനിതാ ചീഫ് ജസ്റ്റിസെന്ന നേട്ടം 2027ൽ നാഗരത്ന കൈവരിച്ചേക്കും. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ വിരമിച്ചാൽ സീനിയോറിറ്റി പ്രകാരം എൻ.വി. രമണ, യു.യു. ലളിത്, ഡി.വൈ. ചന്ദ്രചൂഡ് എന്നിവർക്കാകും സീനിയോറിറ്റി. അതിനു ശേഷം 2027 ൽ നാഗരത്നയും സീനിയോറിറ്റിയിൽ മുന്നിലെത്തും.