covid

ന്യൂഡൽഹി: തുടർച്ചയായ രണ്ടാം ദിനവും രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ രണ്ടു ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 2,17,353 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 1,185 പേർ മരിച്ചു. 1,18,302 പേർ രോഗ മുക്തരായി. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഡൽഹി, ചത്തീസ്ഗഡ്, കർണാടക, മദ്ധ്യപ്രദേശ്, ഗുജറാത്ത്, കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നീ 10 സംസ്ഥാനങ്ങളിൽ പ്രതിദിന രോഗികളുടെ എണ്ണം വർദ്ധിക്കുകയാണ്. പുതിയ രോഗികളുടെ 79.10 ശതമാനവും ഈ സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്രയിൽ 61,695 പേർക്കും യു.പിയിൽ 22,339 പേർക്കും പുതുതായി രോഗം റിപ്പോർട്ട് ചെയ്തു. ആകെ രോഗികളുടെ എണ്ണം 15,69,743 ആയി. മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ഉത്തർപ്രദേശ്, കർണാടകം, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് നിലവിൽ ചികിത്സയിലുള്ള രോഗികളുടെ 65.86 ശതമാനവും. അതേസമയം രാജ്യത്ത് കുത്തിവച്ച വാക്സിൻ ഡോസുകളുടെ എണ്ണം 12 കോടി കടന്നു.
കിടക്കകൾ കൊവിഡ് രോഗികൾക്കായി മാറ്റിവയ്ക്കണം

കേന്ദ്ര മന്ത്രാലങ്ങളുടെയും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെയും കീഴിൽ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമുള്ള ആശുപത്രികളിലെ കിടക്കകൾ കൊവിഡ് രോഗികൾക്കായി മാറ്റിവയ്ക്കാൻ കേന്ദ്രആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി. കൊവിഡ് ചികിത്സയ്ക്കായി ആശുപത്രികളിൽ പ്രത്യേക വാർഡുകളോ പ്രത്യേക ബ്ലോക്കുകളോ സ്ഥാപിക്കണം. കൊവിഡ് രോഗികൾക്കായി പ്രത്യേക പ്രവേശന കവാടം വേണം. ഓക്‌സിജൻ സൗകര്യമുള്ള കിടക്കകൾ, ഐ.സി.യു കിടക്കകൾ, വെന്റിലേറ്ററുകൾ, പ്രത്യേക ക്രിട്ടിക്കൽ കെയർ യൂണിറ്റുകൾ, ലബോറട്ടറി സേവനങ്ങൾ, ഇമേജിംഗ് സേവനങ്ങൾ തുടങ്ങിയവ സജ്ജീകരിച്ചിരിക്കണം. ആശുപത്രികളുടെ വിശദാംശങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കണം. ഏകോപനത്തിന് അതത് സ്ഥലങ്ങളിൽ നോഡൽ ഓഫീസർമാരെ ചുമതലപ്പെടുത്താനും നിർദേശിച്ചു.

 300 പൊലീസുകാർക്ക് കൊവിഡ്

ഡൽഹിയിൽ 300ലേറെ പൊലീസുകാർക്ക് കൊവിഡ് ബാധിച്ചു. 15 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം ഡൽഹിയിൽ കൊവിഡ് നിയന്ത്രിക്കാൻ പത്തുദിവസം സമ്പൂർണ ലോക്ക്ഡൗൺ വേണമെന്ന് കോൺഫെഡറേഷൻ ഒഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് ആവശ്യപ്പെട്ടു. കടുത്ത നടപടികളെടുക്കേണ്ട സമയമാണിതെന്ന് സെക്രട്ടറി ജനറൽ പ്രവൺ ഖണ്ഡേൽവാൽ പറഞ്ഞു.