ന്യൂഡൽഹി: കൊവിഡ് വ്യാപനം രൂക്ഷമായ ഉത്തർപ്രദേശിൽ എല്ലാ ഞായറാഴ്ചകളിലും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. രാജസ്ഥാൻ, ചണ്ഡിഗഢ് എന്നിവിടങ്ങളിൽ ശനി, ഞായർ ദിവസങ്ങളിൽ ലോക്ക്ഡൗൺ തീരുമാനിച്ചു.
യു.പിയിൽ ഞായറാഴ്ച ആശുപത്രികളും മരുന്നുകടകളും മറ്റ് അവശ്യസേവനങ്ങളും മാത്രമാകും പ്രവർത്തിക്കുക. യു.പിയിൽ മാസ്ക്ക് ധരിക്കാത്തതിന് ആദ്യതവണ ആയിരം രൂപയും രണ്ടാം വട്ടം പതിനായിരം രൂപയുമാണ് പിഴ. യുപിയിൽ എം.എൽ.എ ഫണ്ട് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാനും തീരുമാനമായിട്ടുണ്ട്.
ഡൽഹിയിൽ റെക്കാർഡ് കുതിപ്പ്
ഡൽഹിയിൽ പ്രതിദിന കൊവിഡ് കേസുകൾ ഇരുപതിനായിരത്തിലേക്ക്. ഇന്നലെ 19486 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. 141 പേർകൂടി മരിച്ചു ആകെ കേസുകൾ 8 ലക്ഷം കടന്നു. മരണം 11793. ആക്ടീവ് കേസുകൾ. 61000 കടന്നു.