covid

ന്യൂഡൽഹി: അതിശക്തമായ കൊവിഡ് രണ്ടാം തരംഗത്തിൽ ഏപ്രിലിലെ ആദ്യ 16 ദിവസത്തിൽ രാജ്യത്ത് 23 ലക്ഷം പുതിയ രോഗികളും 12000ത്തിലേറെ മരണവും. അവസാന ആറു ദിവസത്തിനിടെ 11 ലക്ഷത്തിലേറെപ്പേർക്ക് രോഗം ബാധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,34,692 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1341 പേർ മരിച്ചു.

പുതിയ രോഗികൾ ജനുവരിയിൽ 3.53 ലക്ഷവും ഫെബ്രുവരിയിൽ 4.72 ലക്ഷവും ആയിരുന്നു. രണ്ടാം തരംഗം ശക്തിപ്രാപിച്ച മാർച്ചിൽ 11 ലക്ഷം പേർക്ക് രോഗം വന്നു. പുതിയ കൊവിഡ് കേസുകൾ 7.6 ശതമാനം ഉയർന്നു. കഴിഞ്ഞ വർഷം ജൂണിൽ ഇത് 5.5 ശതമാനമായിരുന്നു. മരണം 10.2 ശതമാനം കൂടി.
രോഗവ്യാപനം കൂടുതലുള്ള മഹാരാഷ്ട്ര,ഛത്തീസ്ഗഢ്, രാജസ്ഥാൻ, ഗുജറാത്ത്, മദ്ധ്യപ്രദേശ്, കേരളം, പശ്ചിമബംഗാൾ, ഡൽഹി, കർണാടക, തമിഴ്‌നാട്, യു.പി എന്നീ 11 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും ആരോഗ്യമന്ത്രിമാരുമായി കേന്ദ്രആരോഗ്യമന്ത്രി ഹർഷ വർദ്ധൻ വീഡിയോ കോൺഫറൻസ് നടത്തി. മെഡിക്കൽ ഓക്‌സിജൻ, വെന്റിലേറ്റർ, മരുന്നുകൾ, കിടക്കകൾ തുടങ്ങിയവയുടെ ലഭ്യത വിലയിരുത്തി.സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉന്നതതല യോഗം വിളിച്ചിരുന്നു. മഹാരാഷ്ട്ര, യു.പി, ഡൽഹി, ഛത്തീസ്ഗഢ്, കർണാടക, മദ്ധ്യപ്രദേശ്, കേരളം, ഗുജറാത്ത്, തമിഴ്‌നാട്, രാജസ്ഥാൻ എന്നീ പത്തു സംസ്ഥാനങ്ങളിലാണ് പുതിയ രോഗികളുടെ 79.32 ശതമാനവും.
മഹാരാഷ്ട്രയിൽ 63000ത്തിലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചു.
ആകെ ചികിത്സയിലുള്ളവർ 1679740. ഇത് രാജ്യത്തെ ആകെ കേസുകളുടെ 11.56 ശതമാനമാണ്. മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, യു.പി, കർണാടക, കേരളം എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് രോഗികളുടെ 65.02 ശതമാനവും.
രോഗമുക്തി നിരക്ക് 87.23 ശതമാനമായി കുറഞ്ഞു. കൊവിഡ് മരണം മഹാരാഷ്ട്രയിലും ഡൽഹിയിലുമാണ് കൂടുതൽ.