election

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ ഇന്നലെ ആറു ജില്ലകളിലെ 45 സീറ്റുകളിലേക്ക് നടന്ന അഞ്ചാം ഘട്ട വോട്ടെടുപ്പിൽ 78.36 ശതമാനം പോളിംഗ് രേഖപ്പെടുത്തി. വോട്ടെടുപ്പിനിടെ പലയിടത്തും പരക്കെ അക്രമ സംഭവങ്ങൾ അരങ്ങേറിയതായി റിപ്പോർട്ടുണ്ട്. കേന്ദ്രസേന വോട്ടു ചെയ്യാൻ അനുവദിച്ചില്ലെന്ന പരാതിയുമുയർന്നു. എന്നാൽ സേന ആരോപണം നിഷേധിച്ചു.

തെക്കൻ ബംഗാളിലെ നോർത്ത് പർഗനാസ്, പൂർബ ബർദ്ധമാൻ, നാദിയ, ജൽപായ്ഗുഡി, വടക്കുള്ള ഡാർജിലിംഗ്, കാലിംഗ്പോംഗ് ജില്ലകളിലാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്. നോർത്ത് പർഗനാസിലെ ദേഗംഗയിൽ ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ കേന്ദ്രസേന വെടിവച്ചതായി പരാതിയുയർന്നു. എന്നാൽ പ്രദേശത്ത് സമാധാനപരമായാണ് പോളിംഗ് നടന്നതെന്ന് കേന്ദ്രസേനാ വക്താവ് അറിയിച്ചു. പൂർബ ബർദ്ധമാൻ ജില്ലയിൽ പല ബൂത്തുകളിലും കേന്ദ്രസേന ബി.ജെ.പിക്ക് വോട്ടു ചെയ്യാൻ നിർബന്ധിച്ചെന്നും തങ്ങളുടെ പ്രവർത്തകരെ ആക്രമിച്ചെന്നും തൃണമൂൽ കോൺഗ്രസ് പരാതിപ്പെട്ടു. പരാതിയെക്കുറിച്ച് നിരീക്ഷകരിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്.

 പോളിംഗ് ഏജന്റ് കുഴഞ്ഞ് വീണ് മരിച്ചു

പർഗനാസിലെ കമർഹതിയിൽ 17-ാം നമ്പർ ബൂത്തിൽ ബി.ജെ.പിയുടെ പോളിംഗ് ഏജന്റ് കുഴഞ്ഞു വീണ് മരിച്ചു. ഇയാൾക്ക് ചികിത്സ നൽകിയില്ലെന്ന പരാതി അന്വേഷിക്കാൻ തിര കമ്മിഷൻ ഉത്തരവിട്ടു. ഇവിടെ ബി.ജെ.പി സ്ഥാനാർത്ഥി രാജു ബാനർജിക്കു നേരെ ബോംബേറുണ്ടായതായും പരാതിയുണ്ട്. ബിദാൻനഗറിലെ ശാന്തിനഗറിൽ കള്ളവോട്ടിനെ ചൊല്ലിയുണ്ടായ തർക്കം മൂത്ത് ബി.ജെ.പി-തൃണമൂൽ പ്രവർത്തകർ ഏറ്റുമുട്ടി.

സ്ഥാനാർത്ഥി കൊവിഡ് ബാധിച്ച് മരിച്ചു

26ന് വോട്ടെടുപ്പ് നടക്കുന്ന മുർഷിദാബാദിലെ ജംഗിപൂർ മണ്ഡലത്തിൽ ആർ.എസ്.പി സ്ഥാനാർത്ഥി പ്രദീപ് കുമാർ നന്ദി കൊവിഡ് ബാധിച്ച് വെള്ളിയാഴ്ച മരിച്ചതിനെ തുടർന്ന് വോട്ടെടുപ്പ് മാറ്റി. പുതിയ വോട്ടെടുപ്പ് തിയതി തിര. കമ്മിഷൻ പിന്നീട് പ്രഖ്യാപിക്കും.