audio-clip

ന്യൂഡൽഹി: കൂച്ച്ബെഹാറിൽ വെടിയേറ്റ് മരിച്ചവരുടെ മൃതദേഹങ്ങളുമായി റാലി നടത്താൻ മമത ബാനർജി ആവശ്യപ്പെടുന്ന ടെലിഫോൺ സംഭാഷണം ബി.ജെ.പി പുറത്തുവിട്ടു. ഫോൺ ചോർത്തിയത് സ്വകാര്യതയ്‌ക്കെതിരെയുള്ള ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി തൃണമൂൽ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു.

മൃതദേഹങ്ങളും വഹിച്ച് റാലി സംഘടിപ്പിക്കാൻ വെടിവയ്പ് നടന്ന സീതാൾകുച്ചിയിലെ സ്ഥാനാർത്ഥി പാർത്ഥ പ്രതിം റേയോട് മമതയും ആവശ്യപ്പെടുന്ന സംഭാഷണമാണ് പുറത്തുവന്നത്. മമതയുടെ നടപടി ക്രമസമാധാനം തകർക്കുന്നതാണെന്നും ബി.ജെ.പി ആരോപിച്ചു. മമത മൃതദേഹങ്ങൾ വച്ച് രാഷ്‌ട്രീയം കളിക്കുകയണെന്ന് ടെലിഫോൺ സംഭാഷണത്തെ പരാമർശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി അസൻസോളിലെ റാലിയിൽ പറഞ്ഞു.

മമതയ്‌ക്ക് ധാർഷ്‌ട്യമെന്ന് മോദി

തൃണമൂൽ നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി ധാർഷ്‌ട്യക്കാരിയാണെന്നും കേന്ദ്ര സർക്കാർ വിളിക്കുന്ന യോഗങ്ങളിൽ സ്ഥിരമായി പങ്കെടുക്കാറില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പശ്‌ചിമ ബംഗാളിലെ അസൻസോളിൽ നടന്ന റാലിയിൽ കുറ്റപ്പെടുത്തി. സംസ്ഥാനത്ത് ബി.ജെ.പി വന്നാൽ ക്രമസമാധാനം തിരിച്ചു കൊണ്ടുവരുമെന്നും വ്യവസായങ്ങൾ മെച്ചപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വികസനത്തിന്റെ പേരിൽ സംസ്ഥാനത്തെ തൃണമൂൽ കൊള്ളയടിക്കുകയാണ്. കേന്ദ്ര സർക്കാർ പദ്ധതികളെ എതിർക്കുന്ന മമത പ്രധാന യോഗങ്ങൾ ഒാരോ കാരണം പറഞ്ഞ് ബഹിഷ്‌കരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.