ന്യൂഡൽഹി: കൊവിഡ് കേസുകളുയരുന്ന പശ്ചാത്തലത്തിൽ ഹരിദ്വാറിലെ കുംഭേമേള പ്രതീകാത്മകമാക്കണമെന്ന പ്രധാനമന്ത്രിയുടെ അഭ്യർത്ഥന സ്വീകരിച്ച് ഏറ്റവും പ്രമുഖ സന്ന്യാസി കൂട്ടായ്മയായ ജൂന അഖാഡ. കുംഭമേളയിൽ നിന്ന് പിൻവാങ്ങുന്നതായി ജൂന അഖാഡ തലവൻ അവധേശാനന്ദ ഗിരി അറിയിച്ചു. രണ്ടാമത്തെ പ്രമുഖ അഖാഡയായ നിരഞ്ജിനി അഖാഡ കുംഭമേളയിൽ നിന്ന് പിൻവാങ്ങുന്നതായി വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതോടെ അവശേഷിക്കുന്ന ദിവസത്തെ ചടങ്ങുകൾ വെട്ടിക്കുറയ്ക്കാനുള്ള സാദ്ധ്യതയേറി.
പ്രധാനമന്ത്രി ഇന്നലെ അവധേശാനന്ദ ഗിരിയുമായി ഫോണിൽ സംസാരിച്ച് ചടങ്ങുകൾ ചുരുക്കാൻ അഭ്യർത്ഥിച്ചിരുന്നു. ഇതേ തുടർന്നാണ് ജൂന അഖാഡ പിൻവാങ്ങിയത്.
തങ്ങളെ സംബന്ധിച്ച് കുംഭേമേള പൂർത്തിയായി. പ്രധാനമന്ത്രിയുടെ അഭ്യർത്ഥനയെ മാനിക്കുന്നു. ജീവൻ രക്ഷിക്കുകയെന്നത് പുണ്യമാണ്. കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും അവധേശാനന്ദ ഗിരി പറഞ്ഞു.
ആകെ 229 സന്യാസിമാർക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സന്യാസി പ്രമുഖൻ മഹാമണ്ഡലേശ്വർ കപിൽദേവ് ദാസ് (65) കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. മേളയിൽ പങ്കെടുത്ത ആയിരത്തിലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
അതിനിടെ കുംഭമേളയെ വിമർശിച്ച് മുംബയ് മേയർ രംഗത്തെത്തി. കുംഭമേളയിൽ പങ്കെടുക്കുന്നവർ കൊവിഡിനെ പ്രസാദമായി കൊണ്ടുവരുന്നുവെന്ന് മേയർ കിഷോരി പഡ്നേക്കർ പറഞ്ഞു. കുംഭേമേള കഴിഞ്ഞ് മുംബയിൽ മടങ്ങിയെത്തുന്നവർ സ്വന്തം ചെലവിൽ ക്വാറന്റൈനിൽ പോകണമെന്നും അവർ പറഞ്ഞു.