sonia-gandhi

ന്യൂഡൽഹി: രണ്ടാം തീവ്രവ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ രാജ്യത്തെ 25 വയസിന് മുകളിലുള്ള എല്ലാവർക്കും മുൻഗണനാ ക്രമത്തിൽ വാക്സിൻ ലഭ്യമാക്കണമെന്ന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടു. കൊവിഡ് ചികിത്സയ്‌ക്ക് ഉപയോഗിക്കുന്ന സാധനങ്ങൾക്കുള്ള ജി.എസ്.ടി ഒഴിവാക്കണമെന്നും സോണിയ ഓൺലൈനായി നടന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ പറഞ്ഞു.

പൗരന്മാരുടെ സുരക്ഷയ്‌ക്ക് മുൻഗണന നൽകാതെ 6.5 കോടി ഡോസ് വാക്സിനാണ് കേന്ദ്രസർക്കാർ കയറ്റി അയച്ചത്. ഇന്ത്യയിൽ ആയിരങ്ങൾ കൊവിഡ് ബാധിച്ച് മരിക്കുമ്പോൾ വിദേശരാജ്യങ്ങളോട് കരുണ കാണിച്ചിട്ട് എന്തുകാര്യം. ചെറുപ്പക്കാരിലും ആരോഗ്യ പ്രശ്‌നങ്ങൾ കണ്ടുവരുന്നതിനാൽ വാക്സിനേഷൻ മുൻഗണനാ പ്രായം 25 വയസായി കുറയ്ക്കണം.

കൊവിഡ് നിയന്ത്രണങ്ങൾ പാവപ്പെട്ടവരെ മോശമായി ബാധിക്കാനിടയുള്ളതിനാൽ അർഹരായവരുടെ അക്കൗണ്ടിൽ 6000 വീതം നിക്ഷേപിക്കണമെന്നും രോഗം പടരുന്ന സാഹചര്യത്തിൽ സ്വന്തം നാട്ടിലേക്ക് പോകുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് മതിയായ ഗതാഗത സൗകര്യം ഏർപ്പെടുത്തണമെന്നും സോണിയ അഭ്യർത്ഥിച്ചു.

പ്രതിപക്ഷ മുഖ്യമന്ത്രിമാർ കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ കേന്ദ്ര സർക്കാർ നിശബ്‌ദത പാലിക്കുന്നു. കേന്ദ്രമന്ത്രിമാർ ആരോപണങ്ങൾ ഉന്നയിക്കുന്ന തിരക്കിലുമാണെന്ന് സോണിയ കുറ്റപ്പെടുത്തി.