ന്യൂഡൽഹി:24 മണിക്കൂറിൽ 2,61,500 കേസുകൾ റിപ്പോർട്ട് ചെയ്ത് ലോകത്തെ ഏറ്റവും കൂടുതൽ പ്രതിദിന കൊവിഡ് രോഗികളുമായി ഇന്ത്യ. ആദ്യമായാണ് രാജ്യത്ത് രണ്ടര ലക്ഷത്തിലേറെ കേസുകൾ ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്നത്. 1501 പേർ 24 മണിക്കൂറിനിടെ മരിച്ചു.18,01,316 ആക്ടീവ് കൊവിഡ് കേസുകളാണ് രാജ്യത്തുള്ളത്. ഇന്നലെ മാത്രം 68,631 പേർക്ക് രോഗം സ്ഥിരീകരിച്ചു. 503 മരണവും റിപ്പോർട്ട് ചെയ്തു.യു.പിയിൽ 30,596 പുതിയ കേസുകളും 129 മരണവും .
രണ്ടാം തരംഗത്തിൽ കൊവിഡ് വൈറസിന്റെ ജനിതകമാറ്റം വന്ന വകഭേദം കണ്ടെത്തിയെന്നാണ് വിവരം.
നാല് ദിവസത്തിനിടെ തുടർച്ചയായി രണ്ട് ലക്ഷത്തിലധികം കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്. അമേരിക്കയും ബ്രസീലുമാണ് തൊട്ടുപിന്നിൽ. ആകെ രോഗികകളിൽ രണ്ടാം സ്ഥാനത്തും. അമേരിക്കയാണ് ഒന്നാമത്. ആകെ മരണത്തിൽ അമേരിക്ക, ബ്രസീൽ, മെക്സികോ എന്നീ രാജ്യങ്ങൾക്ക് പിന്നിലാണ് ഇന്ത്യ.
വാക്സിനും
ഓക്സിജനുമില്ല
രാജ്യത്ത് അതിതീവ്ര വ്യാപനം റിപ്പോർട്ട് ചെയ്യുമ്പോഴും വാക്സിൻ, ഓക്സിജൻ ക്ഷാമത്തെ കുറിച്ച് വ്യാപക പരാതികളാണ്.വാക്സിനും ഓക്സിജനും ആവശ്യപ്പെട്ട് പഞ്ചാബ് , മഹാരാഷ്ട്ര, ഡൽഹി, പശ്ചിമബംഗാൾ, ഗുജറാത്ത്, ഛത്തീസ്ഗഡ്, മദ്ധ്യപ്രദേശ് മുഖ്യമന്ത്രിമാരും ആരോഗ്യമന്ത്രിമാരും പ്രധാനമന്ത്രിക്ക് കത്തയച്ചു. മദ്ധ്യപ്രദേശിൽ 12 രോഗികൾ ഓക്സിജൻ കിട്ടാതെ മരിച്ചെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. എന്നാൽ മരണം ഓക്സിജൻ ലഭ്യമാകാത്തത് കൊണ്ടല്ലെന്നാണ് സർക്കാർ വിശദീകരണം.ഓക്സിജന്റെയും കൊവിഡ് മരുന്നുകളുടെയും ആശുപത്രി സൗകര്യങ്ങളുടെയും ലഭ്യത കുറയുന്നത് വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. മരണനിരക്ക് ഉയരുന്നതിനാൽ മൃതദേഹങ്ങൾ കൊവിഡ് പ്രോട്ടോക്കാൾ പാലിച്ച് സംസ്കരിക്കുന്നതും രാജ്യത്താകെ വെല്ലുവിളിയാണ്.
സഹായം
ഉറപ്പാക്കി കേന്ദ്രം
ആശങ്ക വേണ്ടെന്നും കരുതലോടെ മുന്നോട്ട് പോകണമെന്നും കൊവിഡ് പോരാട്ടത്തിൽ കേന്ദ്രത്തിന്റെ എല്ലാ സഹായവും ഉണ്ടാകുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർദ്ധൻ വ്യക്തമാക്കി. കൂടുതൽ വാക്സിൻ , ഒക്സിജൻ , ജീവൻ രക്ഷാ മരുന്നായ റെംഡെസിവിർ എന്നിവ ലഭ്യമാക്കും. റെംഡെസിവറിന്റെ ഉത്പാദനം കൂട്ടാൻ ഇരുപത് പുതിയ പ്ലാന്റുകൾ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാട്ടിൽ രാത്രി കർഫ്യൂ. ഞായറാഴ്ചകളിൽ ലോക്ക്ഡൗൺ,12 ാക്ലാസ് ബോർഡ് പരീക്ഷ മാറ്റി ബിഹാറിൽ ആരാധനാലയങ്ങളും മാളുകളും സ്കൂളുകളും അടുത്തമാസം 15 വരെ അടച്ചു
ബോളിവുഡ് നടന്മാരായ നീൽ നിതിൻ മുകേഷ്, അർജുൻ രാംപാൽ എന്നിവർക്ക് കൊവിഡ് സ്ഥിരീകരിച്ചു.