covid

ന്യൂഡൽഹി : ഡൽഹിയിൽ പ്രതിദിനരോഗികളുടെ എണ്ണം ഇന്നലെയും 25,000 പിന്നിട്ട സാഹചര്യത്തിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഡൽഹിയിൽ 100ൽ 30 പേർ രോഗികളാണ്. സ്ഥിതിഗതികൾ ഇത്തരത്തിലാണ് മുന്നോട്ട് പോകുന്നതെങ്കിൽ വാരാന്ത്യ കർഫ്യൂ നീട്ടുമെന്ന് കെജ്‌രിവാൾ പറഞ്ഞു.ഐ.സി.യുകളികിടക്കയില്ലാതെ ബുദ്ധിമുട്ടിലാവുകയാണ്.

നൂറിൽ താഴെ ഐ.സി.യു മാത്രമാണ് മിച്ചമുള്ളത്. ആവശ്യത്തിന് വാക്സിനോ ഓക്‌സിജനോ ഇല്ല. കൂടതൽ ഓക്‌സിജനും കിടക്കകളും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെജ്‌രിവാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കേന്ദ്ര സർക്കാരിന്റെ ആശുപത്രികളിലായി പതിനായിരം കിടക്കകളാണുള്ളത്. ഗുരുതര സാഹചര്യം കണക്കിലെടുത്ത് 7000 കിടക്കകളും ഓക്‌സിജനും വാക്‌സിനും അനുവദിക്കണം. സംസ്ഥാനത്തെ അവസ്ഥയെക്കുറിച്ച് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായുമായും ആരോഗ്യ മന്ത്രി ഹർഷവർദ്ധനുമായും സംസാരിച്ചിട്ടുണ്ടെന്ന് കെജ്‌രിവാൾ അറിയിച്ചു.

ദേശീയ ആരോഗ്യ അടിയന്തരാവസ്ഥ

പ്രഖ്യാപിക്കണമെന്ന് കപിൽ സിബൽ

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ രാജ്യത്ത് ദേശീയ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ.

' കൊവിഡ് ബാധ രൂക്ഷമാകുന്നു. മോദിജി ദേശീയ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം. തിരഞ്ഞെടുപ്പ് കമീഷൻ റാലികൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണം. കോടതി ജനങ്ങളുടെ ജീവൻ സംരക്ഷിക്കണം' സിബൽ ട്വീറ്റ് ചെയ്തു.