curfew-

ന്യൂഡൽഹി: കൊവിഡ് പ്രതിദിന കേസുകൾ കാൽലക്ഷം കടന്ന ഡൽഹിയിൽ ആറുദിവസത്തെ സമ്പൂർണ കർഫ്യൂ പ്രഖ്യാപിച്ചു. ഇന്നലെ രാത്രി 10 മുതൽ നിലവിൽ വന്ന കർഫ്യൂ അടുത്ത തിങ്കളാഴ്ച രാവിലെ അഞ്ചുവരെയാണ്. ആശുപത്രികളിൽ ബെഡുകൾക്കും ഓക്സിജനും ക്ഷാമം നേരിടുകയും ആശുപത്രികൾ രോഗികളെകൊണ്ടു നിറയുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി.
അവശ്യസേവനങ്ങൾ അനുവദിക്കും. മാളുകൾ, തിയേറ്ററുകൾ, ഷോപ്പിംഗ് സമുച്ചയങ്ങൾ, നീന്തൽകുളങ്ങൾ, റെസ്റ്റോറന്റുകൾ, സലൂണുകൾ, ജിമ്മുകൾ, സ്പാ എന്നിവ പ്രവർത്തിക്കില്ല. മത,സാമൂഹിക, രാഷ്ട്രീയ,വിനോദ,കായിക പരിപാടികൾ വിലക്കി.

ബസുകളിലും മെട്രോയിലും അമ്പതുശതമാനം യാത്രക്കാരെ അനുവദിക്കും. ആരാധനാലയങ്ങളിൽ ഭക്തരെ അനുവദിക്കില്ല. സ്വകാര്യ ഓഫീസുകൾ 'വർക്ക് ഫ്രം ഹോം' രീതിയിലേക്ക് മാറണം. വിവാഹ ചടങ്ങിൽ 50 പേരും സംസ്‌ക്കാര ചടങ്ങിൽ 20 പേരും മാത്രം.

ഡൽഹി സർക്കാരിന്റെയും കോർപ്പറേഷന്റെയും അവശ്യസേവനവുമായി ബന്ധമില്ലാത്ത ഓഫീസുകൾ അടഞ്ഞുകിടക്കും.

ദേശീയ കായിക മത്സരങ്ങൾ നടത്താമെങ്കിലും

കാണികൾക്ക് പ്രവേശനമില്ല. പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കും കൊവിഡ് പരിശോധനയ്ക്കും വാക്സിനേഷനും പോകുന്നവർക്കും വിമാനത്താവളം, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിലേക്ക് പോകുന്ന യാത്രക്കാർക്കും വിലക്കില്ല. അന്തർ സംസ്ഥാന യാത്രയ്ക്കും ഡൽഹിയിലേക്കെത്തുന്നവർക്കും വിലക്കില്ല.

കുടിയേറ്റ തൊഴിലാളികൾ നഗരം വിടരുതെന്നും കർഫ്യൂ കാലയളവിൽ ആവശ്യത്തിന് ഓക്സിജൻ, മരുന്ന്, കിടക്ക എന്നിവയൊരുക്കുമെന്നും മുഖ്യമന്ത്രി കേജ്‌രിവാൾ വ്യക്തമാക്കി.