ന്യൂഡൽഹി: കടൽക്കൊലക്കേസിൽ നൽകാൻ ധാരണയായ 10 കോടി നഷ്‌ടപരിഹാരത്തുക കൈമാറാതെ ഇറ്റാലിയൻ നാവികർക്കെതിരായ നിയമ നടപടികൾ തീർപ്പാക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇറ്റലി നഷ്‌ടപരിഹാരത്തുക കെട്ടിവച്ചിട്ടില്ലെന്ന് ഇന്നലെ കേസ് പരിഗണിച്ചപ്പോൾ കേന്ദ്രസർക്കാർ അറിയിച്ചിരുന്നു.
ഇറ്റാലിയൻ നാവികർക്കെതിരായ കേസ് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അദ്ധ്യക്ഷനായ ബെഞ്ച് പരിഗണിക്കുമ്പോഴാണ്
നഷ്‌ടപരിഹാരം ലഭിച്ചിട്ടില്ലെന്ന വിവരം സോളിസിറ്റർ ജനറൽ തുഷാർ മെഹ്‌ത അറിയിച്ചത്. മുഴുവൻ നഷ്‌ടപരിഹാരത്തുകയും കെട്ടിവച്ചതിന്റെ രേഖ ഹാജരാക്കിയാൽ മാത്രമേ നാവികർക്കെതിരായ ക്രിമിനൽ നടപടികൾ അവസാനിപ്പിക്കാനാകൂവെന്ന് കോടതി വ്യക്തമാക്കി. ഏപ്രിൽ 9ന് കേസ് പരിഗണിച്ചപ്പോൾ കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്കും ബോട്ടുടമയ്ക്കും 10 കോടി നഷ്ടപരിഹാരം നൽകാമെന്ന് ഇറ്റലിയുടെ അഭിഭാഷകൻ സമ്മതിച്ചിരുന്നു.