
ന്യൂഡൽഹി: വ്യോമസേനാ മേധാവി എയർചീഫ് മാർഷൽ ആർ.കെ.എസ് ബധൗരിയ അഞ്ച് ദിവസത്തെ സന്ദർശനത്തിന് ഫ്രാൻസിലെത്തി. ഫ്രഞ്ച് വ്യോമസേനാ മേധാവി ജനറൽ ഫിലിപ്പ് ലാവിനെയുടെ ക്ഷണപ്രകാരമാണ് സന്ദർശനം. രണ്ട് സേനകളും തമ്മിലുള്ള പ്രതിരോധ സഹകരണം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. 23വരെയുള്ള സന്ദർശനത്തിനിടെ വ്യോമസേനാ മേധാവി ഫ്രാൻസിലെ ഉന്നത സൈനിക തലവൻമാരുമായി ചർച്ച നടത്തും. ഫ്രാൻസിലെ പ്രമുഖ വ്യോമതാവളങ്ങളും തന്ത്ര പരമായ കേന്ദ്രങ്ങളും അദ്ദേഹം സന്ദർശിക്കും.
ഇന്ത്യയിലേക്ക് പറക്കുന്ന അഞ്ച് റഫാൽ യുദ്ധവിമാനങ്ങൾ 21ന് ഫ്രാൻസിലെ മെറിനാക് ബോർഡോ വ്യോമതാവളത്തിൽ നടക്കുന്ന ചടങ്ങിൽ ബധൗരിയ ഫ്ളാഗ് ഓഫ് ചെയ്യും. പശ്‌ചിമ ബംഗാളിലെ ഹസിമാരിയയിൽ സജ്ജമാക്കുന്ന രണ്ടാമത്തെ റാഫേൽ സ്ക്വാഡ്രനിലേക്കുള്ളതാണ് വിമാനങ്ങൾ. ആറ് വിമാനങ്ങൾ എത്തുന്നതോടെ ഇന്ത്യൻ വ്യോമസേനയിലെ റഫാൽ വിമാനങ്ങളുടെ എണ്ണം 20ആകും.