ന്യൂഡൽഹി: കൊവിഡ് പ്രതിരോധ വാക്‌സിൻ നിർമ്മാണം കൂട്ടാൻ നിർമ്മാണ കമ്പനികൾക്ക് 4500 കോടി രൂപ കേന്ദ്ര സർക്കാർ മുൻകൂറായി അനുവദിച്ചു. കൊവിഷീൽഡ് നിർമ്മിക്കുന്ന സീറം ഇൻസ്റ്റിറ്റ്യൂട്ടിന് 3000 കോടിയും ഭാരത് ബയോടെകിന് 1500 കോടിയുമാണ് കേന്ദ്രധനമന്ത്രാലയം അനുവദിച്ചത്. കൊവിഡ് വാക്‌സിൻ നിർമ്മാണ ശേഷി ഉയർത്താൻ 3000 കോടി ആവശ്യപ്പെട്ട് സീറം ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒ കേന്ദ്രസർക്കാരിനെ സമീപിച്ചിരുന്നു. കൊവിഡ് കേസുകളുയരുകയാണെങ്കിലും, പ്രതിരോധത്തിനായി ഉടൻ ദേശീയ ലോക് ഡൗൺ ഉണ്ടാകില്ലെന്ന് വ്യവസായസംരഭകരുമായി നടത്തിയ ചർച്ചയിൽ ധനമന്ത്രി നിർമ്മലാ സീതാരാമൻ വ്യക്തമാക്കി.
അതേസമയം, കൊവിഡ് രണ്ടാംതരംഗത്തിൽ രോഗബാധിതരിൽ കൂടുതലും ചെറുപ്പക്കാരാണെന്ന പ്രചാരണങ്ങളെ നിതിആയോഗ് അംഗം ഡോ. വി കെ പോൾ തള്ളി. ആദ്യ തരംഗത്തിൽ ആകെ കേസുകളിൽ 30 വയസിന് താഴെയുള്ളവർ 31 ശതമാനമായിരുന്നെങ്കിൽ ഇക്കുറി അത് 32 ശതമാനമായിട്ടുണ്ട്. 30 നും 45 നും ഇടയിൽ പ്രായമുള്ളവരിലെ രോഗബാധ 21 ശതമാനമായി തന്നെ തുടരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.