ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പശ്ചിമ ബംഗാളിൽ ബാക്കിയുള്ള മൂന്ന് ഘട്ടങ്ങളിലെ വോട്ടെടുപ്പ് ഒന്നിച്ച് നടത്തണമെന്ന് മുഖ്യമന്ത്രി മമതാ ബാനർജി തിരഞ്ഞെടുപ്പ് കമ്മിഷനോട് വീണ്ടും അഭ്യർത്ഥിച്ചു. സംസ്ഥാനത്ത് കർഫ്യൂ ഏർപ്പെടുത്തില്ലെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി സ്കൂളുകൾക്ക് മുൻകൂറായി വേനൽ അവധി നൽകാൻ തീരുമാനിച്ചിട്ടുണ്ട്.
കൊവിഡ് കുതിച്ചുയരുന്ന സാഹചര്യത്തിൽ ബാക്കിയുള്ള വോട്ടെടുപ്പുകൾ ഒന്നിച്ച് നടത്തിയാൽ നഷ്‌ടം സംഭവിക്കാനില്ലെന്നും ബി.ജെ.പിയുടെ വാദങ്ങൾ തള്ളണമെന്നും മമത ഉത്തർ ധിൻജാപൂർ ജില്ലയിലെ ചക്കൂലിയിൽ നടത്തിയ റാലിയിൽ പറഞ്ഞു.
പൊലീസ് മേധാവികളെ മാറ്റി
ഏപ്രിൽ 22ന് ആറാം ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ പൂർബ ബർദ്ധമാൻ,ബിർഭൂം ജില്ലകളിലെ പൊലീസ് സൂപ്രണ്ടുമാരെയും അസൻസോൾ-ദുർഗാപൂർ പൊലീസ് കമ്മിഷണറെയും തിര. കമ്മിഷൻ സ്ഥലം മാറ്റി.
പ്രചാരണം ലഘുവാക്കും
കൊവിഡ് വ്യാപനം കണക്കിലെടുത്ത് പശ്ചിമ ബംഗാളിൽ ഇനിയുള്ള ഘട്ടങ്ങളിലെ പ്രചാരണം ലഘുവാക്കാൻ തൃണമൂൽ കോൺഗ്രസും ബി.ജെ.പിയും തീരുമാനിച്ചു. വൻ റാലികൾ ഒഴിവാക്കി ചെറിയ പരിപാടികൾ സംഘടിപ്പിക്കാനാണ് തീരുമാനം. ഇന്നുമുതൽ കൊവിഡ് മുക്ത പ്രചാരണം നടത്തുമെന്ന് ബി.ജെ.പി അറിയിച്ചു. തൃണമൂൽ റാലികളുടെ ദൈർഘ്യം കുറയ്‌ക്കാൻ മമതാ ബാനർജിയും തീരുമാനിച്ചിട്ടുണ്ട്.