supreme-court

ന്യൂഡൽഹി: ഹൈക്കോടതികളിൽ കേസുകൾ കെട്ടിക്കിക്കുന്ന സാഹചര്യത്തിൽ വിരമിച്ച ജഡ്ജിമാരെ അഡ്‌ഹോക് ജഡ്ജിമാരായി നിയമിക്കാൻ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അദ്ധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് അനുമതി നൽകി. ഹൈക്കോടതികളിൽ ജഡ്ജിമാരുടെ ഒഴിവുമൂലം കേസുകൾ കൂടുന്ന സാഹചര്യത്തിൽ ഭരണഘടനയുടെ 224 എ വകുപ്പ് പ്രകാരം വിരമിച്ച അഡ്ഹോക് ജഡ്ജിമാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ലോക് പ്രഹാരി എന്ന സംഘടന നൽകിയ ഹർജിയിലാണ് ഉത്തരവ്. അഡ്ഹോക് ജഡ്ജിമാർ സ്ഥിരം ജഡ്ജിമാരുടെ നിയമത്തിന് പകരമല്ലെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ഹൈക്കോടതികളിലെ നിലവിലെ സാഹചര്യം പരിഗണിച്ചാണ് ഉത്തരവെന്നും കോടതി വ്യക്തമാക്കി.

രാഷ്‌ട്രപതിയുടെ അനുമതിയോടെ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് വിരമിച്ച ജഡ്ജിമാരെ നിയമിക്കാൻ അനുമതി നൽകുന്നതാണ് ഭരണഘടനയുടെ 224 എ വകുപ്പ്.

സുപ്രീംകോടതി നിർദ്ദേശിച്ച മാർഗരേഖ

 ഹൈക്കോടതികളിൽ ആകെ ജഡ്ജിമാരുടെ 20ശതമാനത്തിൽ കൂടുതൽ ഒഴിവു വന്നാൽ മാത്രം അഡ്ഹോക് ജഡ്ജിമാരെ നിയമിക്കാം.

 പ്രത്യേക പരിഗണന ആവശ്യമുള്ളതും അഞ്ചുവർഷത്തിൽ കൂടുതലായി പരിഗണനയിലിരിക്കുന്നതുമായ കേസുകൾ തീർപ്പാക്കാൻ അഡ്ഹോക് ജഡ്ജിമാരെ നിയമിക്കാം

 കോടതിയിലെ പത്ത് ശതമാനത്തിലേറെ കേസുകൾ അഞ്ചുവർഷത്തിലേറെ പഴക്കമുള്ളതാണെങ്കിൽ അഡ്ഹോക് ജഡ്ജിമാരെ നിയമിക്കാം.

 ഹൈക്കോടതികളുടെ ആവശ്യങ്ങൾ പരിഗണിച്ച് രണ്ടുമുതൽ അഞ്ച് വരെ അഡ്ഹോക് ജഡ്ജുമാരെ നിയമിക്കാം.

 ചില പ്രത്യേക സാഹചര്യത്തിൽ അഞ്ചു വർഷത്തിൽ താഴെയുള്ള കേസുകളും അഡ്ഹോക് ജഡ്ജിമാർക്ക് നൽകാം.

 അലവൻസുകളും മറ്റ് ആനുകൂല്യങ്ങളും സ്ഥിരം ജഡ്ജിമാർക്ക് തുല്യം

ജഡ്ജി നിയമനം: സമയബന്ധിതമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ഹൈക്കോടതികളിലെ ജഡ്ജിമാരുടെ ഒഴിവ് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കൊളീജിയം ശുപാർശ ചെയ്തവരുടെ നിയമനങ്ങളിൽ കേന്ദ്രസർക്കാർ കാലതാമസം വരുത്തരുതെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അദ്ധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചു. കൊളീജിയം തീരുമാനങ്ങളിൽ അതൃപ്തിയുണ്ടെങ്കിൽ ഉടൻ സുപ്രീംകോടതിയെ അറിയിക്കണം. സുപ്രീംകോടതി കൊളീജിയം അതേ പട്ടിക വീണ്ടും അയ്‌ക്കുകയാണെങ്കിൽ നാലാഴ്‌ചയ്ക്കുള്ളിൽ നിയമനം നടത്തണമെന്നും കോടതി വ്യക്തമാക്കി. രാജ്യത്തെ ഹൈക്കോടതികൾ 40 ശതമാനം ആൾബലത്തിലാണ് പ്രവർത്തിക്കുന്നതെന്നും ഇതുമൂലം കോടതികൾ പ്രശ്നത്തിലാണെന്നും ചീഫ് ജസ്റ്റിസ് എസ്. എ. ബോബ്ഡെ, ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സൂര്യകാന്ത് എന്നിരുൾപ്പെട്ട ബെഞ്ച് നിരീക്ഷിച്ചു. സുപ്രീംകോടതി മാർഗരേഖ ഹൈക്കോടതി കൊളീജിയം ശുപാർശകളുടെ അടിസ്ഥാനത്തിൽ ജഡ്ജിമാരെ സംബന്ധിച്ച റിപ്പോർട്ടുകൾ സി.ബി.ഐ, ഐബി ഏജൻസികൾ ആറാഴ്‌ചയ്ക്കുള്ളിൽ സമർപ്പിക്കണം.  സംസ്ഥാന സർക്കാരുകളും രഹസ്യാന്വേഷണ ഏജൻസികളും നൽകുന്ന റിപ്പോർട്ടുകളും ശുപാർശകളും കേന്ദ്രസർക്കാർ 12 ആഴ്ചകൾക്കുള്ളിൽ സുപ്രീംകോടതിക്ക് കൈമാറണം.  ഹൈക്കോടതി കൊളീജിയം ശുപാർശ ചെയ്‌ത ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച പൊതുതാത്പര്യാർത്ഥമുള്ള പ്രശ്‌നങ്ങൾ കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരിക്കണം.  സുപ്രീകോടതി കൊളീജിയം ജഡ്ജിമാരുടെ പേരുകൾ വീണ്ടും ശുപാർശ ചെയ്‌താൽ നാലാഴ്‌ചയ്‌ക്കുള്ളിൽ നിയമനം നടത്തണം