vaccine-

ന്യൂഡൽഹി: കൊവിഡ് വാക്‌സിൻ പാഴാക്കുന്നതിലും മുൻഗണന നിശ്ചയിച്ചുള്ള കേന്ദ്രസർക്കാരിന്റെ വാക്‌സിൻ വിതരണ നയത്തിലും ഡൽഹി ഹൈക്കോടതിയുടെ വിമർശനം. വാക്‌സിന്റെ കാര്യത്തിൽ ഒരുരീതിയിലുള്ള വിവേചനവും പാടില്ലെന്നും, മഹാമാരി വിവേചനമില്ലാതെയാണ് പടരുന്നതെന്നും ജസ്റ്റിസുമാരായ വിപിൻസംഘി, രേഖാപാലി എന്നിവർ അംഗങ്ങളായ ബെഞ്ച് പറഞ്ഞു. ഡൽഹിയിലെ കൊവിഡ് സാഹചര്യവുമായി ബന്ധപ്പെട്ട് അഭിഭാഷകൻ രാകേഷ് മൽഹോത്ര സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.

16 വയസുള്ള ആളായാലും 60 വയസുള്ള ആളായാലും വാക്സിൻ ആവശ്യമുണ്ട്. 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് വാക്സിൻ നൽകാൻ 10 ദിവസം കാത്തിരിക്കുന്നത് എന്തിനാണ്. നിരവധി യുവാക്കളും രോഗബാധിതരാകുന്നുണ്ട്. നിരവധി ചെറുപ്പക്കാർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. ആർക്കൊക്കെ ആവശ്യമുണ്ടോ അവ‌ർക്കെല്ലാം വാക്സിൻ നൽകണം. മുൻഗണനാക്രമത്തിൽ ഉൾപ്പെട്ടിട്ടില്ലെന്നു പറഞ്ഞ് അത് നിഷേധിക്കരുത്. ഒരൊറ്റ വാക്സിൻ ഡോസായാലും അത് പാഴാക്കുന്നത് സഹിക്കാനാകില്ല. ജീവൻ രക്ഷിക്കാനുള്ള തുള്ളികളാണ് പാഴാക്കുന്നത്. എങ്ങനെ ആ ഡോസ് ഉപയോഗിക്കാമെന്ന് ചിന്തിക്കണം.

ഓക്സിജൻ ക്ഷാമം: രോഗികളോട് കാത്തിരിക്കൂവെന്ന് പറയാനാകില്ല: സുപ്രീംകോടതി

ന്യൂഡൽഹി: ആശുപത്രികളിൽ ഓക്സിജൻ ക്ഷാമമുണ്ടായിരിക്കെ വ്യാവസായിക ആവശ്യത്തിനുള്ള ഓക്സിജൻ ഉപയോഗം നിയന്ത്രിക്കാൻ വൈകുന്നതിൽ കേന്ദ്രസർക്കാരിന് ഡൽഹി ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ഓക്‌സിജനായി വ്യവസായ സ്ഥാപനങ്ങൾക്ക് കാത്തിരിക്കാം, എന്നാൽ രോഗികൾക്കാകില്ലെന്ന് ജസ്റ്റിസുമാരായ വിപിൻസംഘി, രേഖാപാലി എന്നിവരുടെ ബെഞ്ച് വിമർശിച്ചു. രോഗികൾ ഓക്സിജനായി വലയുമ്പോൾ വ്യാവസായിക ആവശ്യങ്ങൾക്ക് ഓക്സിജൻ ഉപയോഗിക്കുന്നത് തടയാൻ കേന്ദ്രസർക്കാർ കാലതാമസം വരുത്തുന്നത് ന്യായീകരിക്കാനാകില്ല. ഓക്സിജനുവേണ്ടി രണ്ടുദിവസം കാത്തിരിക്കൂവെന്ന് ഗുരുതരാവസ്ഥയിലുള്ള രോഗികളോട് പറയാനാകുമോ. ഓക്‌സിജൻ ഇപ്പോഴാണ് കുറവ്. വിലക്ക് ഇപ്പോഴാണ് വേണ്ടത്. ജീവൻ രക്ഷിക്കുകയാണ് പ്രധാനമെന്നും കോടതി പറ‌ഞ്ഞു. വ്യാവസായിക ആവശ്യങ്ങൾക്കുള്ള ഓക്സിജൻ വിതരണം ഏപ്രിൽ 22 മുതൽ വിലക്കിയാണ് കേന്ദ്രം ഉത്തരവിറക്കിയത്. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം.

കേരളം, മദ്ധ്യപ്രദേശ് സംസ്ഥാനങ്ങളിൽ ഓക്സിജൻ ഉപയോഗം കൃത്യമായ രീതിയിൽ നടക്കുന്നുണ്ടെന്ന വാദത്തിനിടെ ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി നിപുൺവിനായക് പറഞ്ഞു. നാളെ കോടതി വിഷയം വീണ്ടും പരിഗണിക്കും.