oxigen

@ അനുശോചിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ നാസിക്കിലെ സർക്കാർ ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്ന 22 കൊവിഡ് രോഗികൾ ഓക്‌സിജൻ ടാങ്കിലെ ചോർച്ച കാരണം പ്രാണവായു കിട്ടാതെ മരണമടഞ്ഞു. ഗുരുതരാവസ്ഥയിലായ 31 രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. കൊവിഡ് രോഗികൾക്കായുള്ള ഡോ. സക്കീർ ഹുസൈൻ ആശുപത്രിയിലാണ് രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്.

ടാങ്കറിൽ നിന്ന് ആശുപത്രിയിലെ ഓക്സിജൻ ടാങ്കിലേക്ക് നിറയ്ക്കുന്നതിനിടെയാണ് ചോർച്ചയുണ്ടായത്. ടാങ്കിലെ വാൽവ് തകരാറ് കാരണം വാതകം വൻതോതിൽ ചോർന്നതോടെ ടാങ്കിലെ മർദ്ദം കുറയുകയും വെന്റിലേറ്ററുകളിലേക്കുള്ള ഓക്‌സിജൻ പ്രവാഹം നിലയ്ക്കുകയും ചെയ്‌തു. അരമണിക്കൂർ ഓക്‌സിജൻ നിലച്ചതാണ് രോഗികൾ മരിക്കാനിടയാക്കിയത്. മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപ വീതം മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നഷ്ട
പരിഹാരം പ്രഖ്യാപിച്ചു. ഉന്നതതല അന്വേഷണവും പ്രഖ്യാപിച്ചു.

അതീവഗുരുതരാവസ്ഥയിൽ ഓക്സിജൻ നൽകി കിടത്തിയിരുന്ന രോഗികളാണ് മരിച്ചത്.

ഓക്‌സിജൻ ചോരുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ഗവർണർ ഭഗത് സിംഗ് കോഷിയാരി, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവർ അനുശോചിച്ചു.

കൊവിഡ് സാഹചര്യം അതീവരൂക്ഷമായ മഹാരാഷ്ട്രയിൽ ഓക്സിജൻ ക്ഷാമവും കിടക്കകളുടെ കുറവും ഉൾപ്പെടെയുള്ളവ റിപ്പോർട്ട് ചെയ്യപ്പെടുന്നതിനിടെയാണ് ഈ ദാരുണസംഭവവും.

24 മണിക്കൂറിനിടെ 58,​924 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 351 പേർ മരിച്ചു. ഒരാഴ്ചയ്ക്കിടെ അഞ്ചു ലക്ഷത്തോളം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതർ 40 ലക്ഷത്തോടടുത്തു. നാസിക്കിൽ മാത്രം 44000ത്തിലേറെ പേരാണ് ചികിത്സയിലുള്ളത്.