shankha-khosh

കൊൽക്കത്ത: പ്രമുഖ ബംഗാളി കവിയും നിരൂപകനും ജ്ഞാനപീഠ ജേതാവുമായ ശംഖ ഘോഷ് കൊവിഡ് ബാധിച്ച് മരിച്ചു. 89 വയസായിരുന്നു. ഏപ്രിൽ 14ന് കൊവിഡ് സ്ഥിരീകരിച്ചതോടെ ബംഗാളിലെ വീട്ടിൽ ഐസൊലേഷനിലിരിക്കെ ആരോഗ്യസ്ഥിതി മോശമായതോടെ ദിവസങ്ങൾക്ക് മുമ്പ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയവയുണ്ടായിരുന്നു.
1932ൽ ചാന്ദ്പൂരിൽ ജനിച്ചു. ബിരുദാനന്തര ബിരുദത്തിന് ശേഷം കൊൽക്കത്ത സർവകലാശാലയ്ക്ക് കീഴിലെ വിവിധ കോളേജുകളിലും ജാദവ്പൂർ സർവകലാശാലയിലും അദ്ധ്യാപകനായി. ഡൽഹി സർവകലാശാല, വിശ്വഭാരതി സർവകലാശാല എന്നിവിടങ്ങളിലും പഠിപ്പിച്ചു. 2011ൽ പദ്മഭൂഷണും 2016ൽ ജ്ഞാനപീഠവും ലഭിച്ചു. ബാബറുടെ പ്രാർത്ഥന എന്ന പുസ്തകത്തിന് 1977ൽ സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചു. നന്ദിഗ്രാമിലെ പൊലീസ് വെടിവയ്പിൽ പ്രതിഷേധിച്ച് ബംഗ്ല അക്കാഡമിയിൽ നിന്ന് രാജിവച്ചു. ഭാര്യ പ്രതിമ. രണ്ടു പെൺമക്കൾ. മുഖ്യമന്ത്രി മമതാബാനർജി അടക്കമുള്ള പ്രമുഖർ അനുശോചിച്ചു.