covishield

 സ്വകാര്യ ആശുപത്രികൾ നൽകേണ്ടത് ഡോസിന് 600 രൂപ

 കേന്ദ്രത്തിനുള്ള വിലയും കൂട്ടുമെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട്

തിരുവനന്തപുരം/ ന്യൂഡൽഹി: സംസ്ഥാനങ്ങൾ നേരിട്ടു വാങ്ങുന്ന വാക്സിന് കൊവിഷീൽഡ് നിർമ്മാതാക്കളായ സീറം ഇൻസ്റ്റിറ്റ്യൂട്ട് വില നിശ്ചയിച്ചതിനു പിന്നാലെ, കേരളത്തിൽ 18 വയസ്സിനു മുകളിൽ എല്ലാവർക്കും കൊവിഡ് കുത്തിവയ്‌പ് സൗജന്യമായിത്തന്നെ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാക്സിൻ സൗജന്യമായിരിക്കുമെന്ന് സർക്കാർ നേരത്തേ പറഞ്ഞതാണ്. അത് മാറ്റിപ്പറയേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, കൊവിഡും ലോക്ക് ഡൗണും മൂലം സംസ്ഥാനത്തിന്റെ സാമ്പത്തികനില പരുങ്ങലിലായതിനാൽ കൂടുതൽ വാക്സിൻ പണം നൽകി വാങ്ങാനാവില്ലെന്നും, ഇക്കാര്യത്തിൽ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്നും ഇന്നലെ വൈകിട്ടത്തെ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

സീറം ഇൻസ്റ്റിറ്റ്യൂട്ട് ഇന്നലെ പ്രഖ്യാപിച്ചതനുസരിച്ച് കൊവിഷീൽ‌ഡ് വാക്സിൻ നേരിട്ട് വാങ്ങുമ്പോൾ സംസ്ഥാനങ്ങൾ നൽകേണ്ടത് കേന്ദ്ര സർക്കാരിന് ഇപ്പോൾ ലഭിക്കുന്നതിനേക്കാൾ ഒന്നര ഇരട്ടിയിലധികം വിലയാണ്- ഡോസിന് 400 രൂപ. സ്വകാര്യ ആശുപത്രികൾക്ക് 600 രൂപ. രണ്ടു ഡോസ് വാക്‌സിൻ ആയതിനാൽ ഒരാൾക്ക് 800 രൂപ എന്ന നിരക്കിൽ സംസ്ഥാന സർക്കാരുകൾക്ക് ചെലവ് വരും. സ്വകാര്യ ആശുപത്രികൾ 1200 രൂപ മുടക്കണം. നിലവിൽ കൊവിഷീൽഡ് ഒരു ഡോസിന് 150 രൂപ നിരക്കിലാണ് സീറം ഇൻസ്റ്റിറ്റ്യൂട്ട് കേന്ദ്രത്തിനു നൽകുന്നത്.

രാജ്യത്ത് ഉത്പാദിപ്പിക്കുന്ന വാക്സിന്റെ 50 ശതമാനം മേയ് ഒന്നു മുതൽ സംസ്ഥാന സർക്കാരുകൾക്കും സ്വകാര്യ ആശുപത്രികൾക്കും നേരിട്ടു വിൽക്കാൻ നിർമ്മാണ സ്ഥാപനങ്ങൾക്ക് കേന്ദ്രം അനുമതി നൽകിയത് രണ്ടു ദിവസം മുമ്പാണ്. ഇതിന്റെ ഭാഗമായാണ് സീറം ഇൻസ്റ്റിറ്റ്യൂട്ട് ഇന്നലെ വില പ്രഖ്യാപിച്ചത്. കൊവാക്സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക്കും വില ഉടൻ പ്രഖ്യാപിക്കും.

കൊവിഷീൽഡ്

തന്നെ ഹീറോ

രാജ്യത്ത് കുത്തിവയ്ക്കപ്പെട്ട വാക്‌സിൻ ഡോസുകളിൽ 90 ശതമാനത്തിലേറെയും കൊവിഷീൽഡ് ആണ്. കഴിഞ്ഞ ദിവസത്തെ കണക്കനുസരിച്ച്,​ കുത്തിവയ്ക്കപ്പെട്ട 12.76 കോടി ഡോസിൽ 11.60 കോടിയും കൊവിഷീൽഡ് തന്നെ. കൊവാക്സിൻ കുത്തിവച്ചത് 1.15 കോടി ഡോസ് മാത്രം.

സ്വകാര്യ ആശുപത്രികളിൽ

നിരക്ക് കൂടും

മേയ് ഒന്നുമുതൽ സ്വകാര്യ ആശുപത്രികൾക്ക് വാക്സിൻ നൽകില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോൾത്തന്നെ വാക്സിൻ ക്ഷാമം രൂക്ഷമായ കേരളത്തിൽ മേയ് ഒന്നു മുതൽ,​ 18 കഴിഞ്ഞവർ കൂടി വാക്സിനേഷന് എത്തുമ്പോൾ ദൗർലഭ്യം കടുക്കും. കൂടുതൽ പേർക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടിവരും. നിലവിൽ 100 രൂപ സർവീസ് ചാർജ് കൂടി ചേർത്ത് 250 രൂപയാണ് സ്വകാര്യ ആശുപത്രികളിൽ ഒരു ഡോസിന് ഫീസ്.

സ്വകാര്യ ആശുപത്രികളിൽ നിന്ന് രണ്ടു ഡോസിന് ഇടാക്കുന്ന 1200 രൂപയ്‌ക്കു പുറമെ, സർവീസ് നിരക്ക് ഉൾപ്പെടെയാകുമ്പോൾ വില വീണ്ടും ഉയരും. യു.പി, അസം, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങൾ 18 വയസിനു മുകളിലുള്ളവർക്കും സൗജന്യ വാക്‌സിൻ പ്രഖ്യാപിച്ചിട്ടുണ്ട്.

കമന്റ്

..........

ഇപ്പോഴത്തെ വിലയ്‌ക്ക് കേന്ദ്രത്തിന് വാക്സിൻ നൽകുന്നത് വലിയ നഷ്ടമാണ്. നിലവിലെ കരാർ കഴിഞ്ഞാൽ കേന്ദ്രത്തിൽ നിന്നും ഡോസിന് 400 രൂപ വീതം ഈടാക്കും. പുതുക്കിയ വില ആഗോളവിലയുടെ 50 ശതമാനമേ ആകുന്നുള്ളൂ. വാക്സിൻ വികസിപ്പിച്ച അസ്ട്രാസെനകയ്ക്ക് വിലയുടെ 50 ശതമാനം റോയൽട്ടി നൽകണം

- അ‌ഡാർ പൂനാവാല

സി.ഇ.ഒ,​ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യ