ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ ഇന്നു നടക്കുന്ന ആറാം ഘട്ട വോട്ടെടുപ്പിൽ ഉത്തർ ദിനജ്പൂർ, നാദിയ, നോർത്ത് 24 പർഗനാസ്, പൂർബ ബർദ്ധമാൻ ജില്ലകളിലെ 43 മണ്ഡലങ്ങളിൽ 306 സ്ഥാനാർത്ഥികൾ ജനവിധി തേടും.
ബി.ജെ.പിയും ഭരണകക്ഷിയായ തൃണമൂലും 43 മണ്ഡലങ്ങളിലും നേരിട്ട് ഏറ്റുമുട്ടും. സംഖ്യ കക്ഷികളായ സി.പി.എം 23ഉം കോൺഗ്രസ് 12ഉം സ്ഥാനാർത്ഥികളുമായി രംഗത്തുണ്ട്.
കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഏഴ്, എട്ട് ഘട്ടങ്ങളിലെ വോട്ടെടുപ്പ് ഒന്നിച്ച് നടത്താമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ച നിരീക്ഷകർ റിപ്പോർട്ട് നൽകി. ഇന്ന് നടക്കേണ്ട ആറുമുതൽ ബാക്കിയുള്ള എല്ലാ ഘട്ടങ്ങളും ഒന്നിച്ച് നടത്തണമെന്ന് തൃണമൂൽ നേതാവും മുഖ്യമന്ത്രിയുമായ മമതാ ബാനർജി ആവശ്യപ്പെട്ടിരുന്നു. ഏപ്രിൽ 26, 29 തിയതികളിലാണ് അവസാന രണ്ട് ഘട്ടങ്ങൾ നിശ്ചയിച്ചിട്ടുള്ളത്.
കൊവിഡ് വ്യാപനവും സുരക്ഷാ സൈനികരെ വിന്യസിക്കാനുള്ള സൗകര്യവും കണക്കിലെടുത്താണ് നിരീക്ഷകർ രണ്ട് ഘട്ടങ്ങൾ ഒന്നിച്ച് നടത്താമെന്ന ശുപാർശ ചെയ്തത്. അതേസമയം വോട്ടെടുപ്പ് ഒന്നിച്ച് നടത്തിയാൽ സ്ഥാനാർത്ഥികൾക്ക് പ്രചാരണത്തിന് മതിയായ സമയം ലഭിക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. നിലവിൽ പശ്ചിമ ബംഗാളിൽ വോട്ടെടുപ്പിന് 72 മണിക്കൂർ മുമ്പ് പ്രചാരണ വിലക്ക് നിലവിലുണ്ട്.