മോദി പ്രസംഗം നിറുത്തി ജനത്തെ രക്ഷിക്കണമെന്ന് പ്രിയങ്ക
ന്യൂഡൽഹി: നോട്ട് നിരോധനത്തിലൂടെ ജനത്തെ വലച്ചതിന് സമാനമായ രീതിയിലാണ് കേന്ദ്രസർക്കാർ വാക്സിൻ വിതരണം ആവിഷ്‌കരിച്ചതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഓക്സിജൻ വിതരണത്തിലെ പാളിച്ച അടക്കം ചൂണ്ടിക്കാട്ടി എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ചു.
വാക്സിൻ വിതരണം നോട്ട് നിരോധനത്തിൽ നിന്ന് ഒട്ടും വ്യത്യസ്തമല്ല. നോട്ട് നിരോധന സമയത്തേത് പോലെ ആളുകൾ വാക്സിനു വേണ്ടി ക്യൂ നിൽക്കുന്നു. ജനത്തിന് പണവും ജീവനും ജീവിതവും നഷ്‌ടമാകും. ഏതാനും ചില വ്യവസായികൾ മാത്രം ലാഭമുണ്ടാക്കുമെന്നും രാഹുൽ കുറ്റപ്പെടുത്തി.
ലോകത്തെ ഏറ്റവും വലിയ ഓക്സിജൻ നിർമ്മാതാക്കളായിട്ടും കൊവിഡ് സമയത്ത് ഇന്ത്യയ്‌ക്ക് ഇറക്കുമതി ചെയ്യേണ്ടി വരുന്നത് കേന്ദ്രസർക്കാരിന്റെ പിടിപ്പുകേടുകൊണ്ടാണെന്ന് പ്രിയങ്കാ ഗാന്ധി കുറ്റപ്പെടുത്തി. രണ്ടാം കൊവിഡ് തരംഗമുണ്ടാകുമെന്ന് എട്ടുമാസം മുമ്പ് അറിഞ്ഞിട്ടും സർക്കാരിന് മുൻകരുതലെടുക്കാൻ കഴിയാത്തത് വൻ വീഴ്ചയായി.
ഇന്ത്യക്കാർക്ക് ലഭിക്കേണ്ട വാക്സിനും റെംഡെസിവിർ മരുന്നും കയറ്റുമതി ചെയ്‌ത് കയ്യടി വാങ്ങാനാണ് കേന്ദ്രസർക്കാർ ശ്രമിച്ചത്. വിദേശത്ത് വാക്സിൻ അയച്ചതിന്റെ ഫോട്ടോ പ്രസിദ്ധീകരിച്ച് ആളുചമയാൻ ശ്രമിച്ചപ്പോൾ രാജ്യത്ത് ക്ഷാമമുണ്ടാകുമെന്ന് മുൻകൂട്ടി കണ്ടില്ല. ജനം കൊവിഡ് ബാധിച്ച് കിടക്കയും ഓക്സിജനും മരുന്നും കിട്ടാതെ അലമുറയിടുമ്പോൾ പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുഴുകുകയാണെന്നും പ്രിയങ്ക പരിഹസിച്ചു. പ്രസംഗങ്ങളിലെ പരിഹാസം അവസാനിപ്പിച്ച് ജനങ്ങളെ എങ്ങനെ രക്ഷിക്കുമെന്ന് പറയണം. സംസ്ഥാനങ്ങൾ ഓക്സിജൻ മിതമായി ഉപയോഗിക്കണമെന്ന കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ പ്രസ്‌താവന ക്രൂരമാണ്. പരിശോധന കൂട്ടുന്നതിന് പകരം കേന്ദ്രസർക്കാർ സ്വകാര്യ ലാബുകൾക്കും മറ്റും നിയന്ത്രണം ഏർപ്പെടുത്തിയെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. കൊവിഡ് നിയന്ത്രിക്കാനുള്ള നിർദ്ദേശങ്ങൾ അടങ്ങിയ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ കത്ത് സർക്കാർ അവഗണിച്ചത് തെറ്റായിപ്പോയെന്നും പ്രിയങ്ക പറഞ്ഞു.