ഒന്നാംതരംഗത്തേക്കാൾ ഗുരുതരാവസ്ഥയില്ല
ന്യൂഡൽഹി: പ്രതിദിന കൊവിഡ് രോഗികളിലും മരണത്തിലും റെക്കാർഡ് കുതിപ്പ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,95,041 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 2023 പേർ മരിച്ചു. അതേസമയം ആദ്യ തരംഗത്തിനേക്കാൾ ഗുരുതരാവസ്ഥ രണ്ടാംതരംഗത്തിൽ ഇല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
രണ്ടു ഡോസ് വാക്‌സിനെടുത്തവരിൽ കൊവിഡ് സ്ഥിരീകരിച്ചത് വളരെ കുറഞ്ഞപേരിൽ മാത്രമാണെന്നും ഇത് കൂടുതലായും ആരോഗ്യപ്രവർത്തകർക്കാണെന്നും കേന്ദ്രം വ്യക്തമാക്കി.
ആദ്യ ഡോസ് സ്വീകരിച്ചവരിൽ ആകെ 21,353 പേർക്കും രണ്ടും ഡോസും സ്വീകരിച്ച 5,709 പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇത് വളരെ ചെറിയ സംഖ്യയാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ഐ.സി.എം.ആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ പറഞ്ഞു.
93ലക്ഷം പേരാണ് കൊവാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. ഇവരിൽ 4208 പേർക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. 17,37,178 പേർ രണ്ടാം ഡോസ് സ്വീകരിച്ചു. ഇതിൽ 695 പേർക്ക് മാത്രമാണ് രോഗമുണ്ടായത്.
പത്തുകോടി പേരാണ് കൊവിഷീൽഡിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. ഇവരിൽ 17,145 പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. 1,57,32,754 പേർ രണ്ടാമത്തെ ഡോസ് സ്വീകരിച്ചു. ഇവരിൽ 5,014 പേർക്ക് മാത്രമേ രോഗം ബാധിച്ചുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
ചികിത്സയിലുള്ള രോഗികളുടെ എണ്ണം കഴിഞ്ഞവർഷത്തേക്കാൾ ഇരട്ടിയിലേറെയായെന്ന് കേന്ദ്രആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു.
കൊവിഡ് ഗുരുതരാവസ്ഥ ആദ്യ തരംഗത്തിന് സമാനമാണ്. ഒന്നാംതരംഗത്തിൽ 4.03 ശതമാനം കൊവിഡ് കേസുകളും പത്തുവയസിന് താഴെയുള്ളവരിലായിരുന്നു. രണ്ടാംതരംഗത്തിൽ ഇത് 2.97 ശതമാനമാണ്.
ആദ്യ തരംഗത്തിലെ കേസുകളിൽ 10 -20നും ഇടയിൽ പ്രായമുള്ളവർ 8.07 ശതമാനവും 20നും 30നും ഇടയിൽ 20.41 ശതമാനവും 30 വയസിന് മുകളിലുള്ളവർ 67.5 ശതമാനവുമായിരുന്നു.
രണ്ടാംതരംഗത്തിൽ ഇത് യഥാക്രമം 8.50 ശതമാനം, 19.35 ശതമാനം, 69.18 ശതമാനവുമാണ്.
കേന്ദ്രമന്ത്രിക്ക് കൊവിഡ്
കേന്ദ്രവിദ്യാഭ്യാസമന്ത്രി രമേഷ് പൊക്രിയാലിനും കോൺഗ്രസ് നേതാവ് അധീർരഞ്ജൻ ചൗധരിക്കും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്ര, യു.പി, ഡൽഹി, കർണാടക, കേരള, ഛത്തീസ്ഗഢ്, മദ്ധ്യപ്രദേശ്, തമിഴ്‌നാട്, ഗുജറാത്ത്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലായാണ് 76.32 ശതമാനം പുതിയ കേസുകളും. ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 22 ലക്ഷത്തോടടുത്തു. 167457 പേർ കൂടി രോഗമുക്തരായി. രോഗമുക്തി നിരക്ക് 85.01 ശതമാനം.