ന്യൂഡൽഹി: കൊവിഡ് രോഗികൾക്കായുള്ള മെഡിക്കൽ ഓക്സിജനെ ചൊല്ലി ഡൽഹി, ഹരിയാന സർക്കാരുകൾ തമ്മിൽ തർക്കം. ഫരീദാബാദിലെ പ്ലാന്റിൽ നിന്ന് ഡൽഹിയിലേയ്ക്കുള്ള ഓക്സിജൻ വിതരണം ഹരിയാന സർക്കാർ നിറുത്തിവച്ചെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചു. എന്നാൽ തങ്ങളുടെ ഓക്സിജൻ ഡൽഹി കൊള്ളയടിക്കുകയാണെന്ന് ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജ് തിരിച്ചടിച്ചു. ഫരീദാബാദിലേയ്ക്കുള്ള ഒരു ഓക്സിജൻ ടാങ്കർ കവർന്നെടുക്കാൻ ശ്രമമുണ്ടായെന്നും ടാങ്കറുകൾക്ക് പൊലീസ് സംരക്ഷണം ഏർപ്പെടുത്തേണ്ടി വന്നുമെന്നും അനിൽ വിജ് പറഞ്ഞു.
അതേസമയം കേസുകളുയരുമ്പോഴും ഡൽഹിയിലെ ആശുപത്രികളിൽ ആവശ്യത്തിന് മെഡിക്കൽ ഓക്സിജനില്ലെന്ന് സിസോദിയ ആവർത്തിച്ചു. ഡൽഹിക്ക് പുറമെ മറ്റു സംസ്ഥാനങ്ങളിലുള്ള കൊവിഡ് രോഗികളും ചികിത്സയ്ക്കെത്തുന്നുണ്ട്. അതുകൊണ്ട് ഡൽഹിക്കായി നിശ്ചയിച്ചിട്ടുള്ള ഓക്സിജൻ ക്വാട്ട പര്യാപ്തമല്ല. 378 മെട്രിക് ടൺ ഓക്സിജനാണ് കേന്ദ്രം നിശ്ചയിച്ചത്. ഇത് 700മെട്രിക് ടണ്ണായി കൂട്ടണം. ഗുരുതരസാഹചര്യം മനസിലാക്കി കേന്ദ്രം ഉടൻ ഇടപെടണമെന്നും സിസോദിയ ആവശ്യപ്പെട്ടു.ഡൽഹിയിലെ സെന്റ് സ്റ്റീഫൻ, ഹോളിഫാമിലി, സർ ഐറീൻ, മാക്സ് ആശുപത്രികളിൽ ഏതാനും മണിക്കൂറേക്കുള്ള ഓക്സിജൻ മാത്രമേ ശേഷിക്കുന്നുള്ളുവെന്ന് അധികൃതർ പറഞ്ഞു.