vedanta-oxygen-plant

ന്യൂഡൽഹി: പരിസ്ഥിതി നിയമങ്ങൾ ലംഘിച്ചതിന്റെ പേരിൽ മദ്രാസ് ഹൈക്കോടതി പൂട്ടിച്ച തമിഴ്നാട്ടിലെ വേദാന്ത ഓക്സിജൻ പ്ളാന്റ് തുറന്ന് പ്രവർത്തിക്കാൻ സുപ്രീംകോടതി അനുമതി നൽകിയേക്കും. രാജ്യത്തെ ഓക്സിജൻ ക്ഷാമം കണക്കിലെടുത്ത് പ്ളാന്റ് തുറക്കാൻ അനുമതി നൽകണമെന്ന വേദാന്തയുടെ അഭ്യർത്ഥനയെ കേന്ദ്രസർക്കാർ പിന്തുണച്ചിട്ടുണ്ട്. പ്ളാന്റ് തുറക്കണമെന്ന വേദാന്തയുടെ അപേക്ഷ മുമ്പ് രണ്ടു തവണ സുപ്രീംകോടതി തള്ളിയിരുന്നു.

രാജ്യത്ത് ഓക്സിജൻ ക്ഷാമം രൂക്ഷമാണെന്നും പ്ളാന്റ് തുറക്കാൻ അനുവദിച്ചാൽ മെഡിക്കൽ ഓക്സിജൻ മാത്രമെ നിർമ്മിക്കൂ എന്നും വേദാന്ത ഉറപ്പ് നൽകിയതായി കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയെ അറിയിച്ചു. കോടതി അനുമതി നൽകിയാൽ ആറു ദിവസത്തിനുള്ളിൽ പ്ളാന്റിൽ ഓക്സിജൻ നിർമ്മാണം തുടങ്ങാനാകുമെന്ന് വേദാന്തയുടെ അഭിഭാഷകൻ ഹരീഷ് സാൽവെ ബോധിപ്പിച്ചു. അതേസമയം പരിസ്ഥിതി നിയമങ്ങൾ ലംഘിച്ച വേദാന്തയിൽ ജനങ്ങൾക്ക് വിശ്വാസമില്ലെന്ന നിലപാടാണ് തമിഴ്നാട് സർക്കാരിന്റേത്. രാജ്യത്ത് ഓക്‌സിജൻ ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ഈ നിലപാടിനെ അനുകൂലിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോംബ്ഡെ അദ്ധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. കേസ് ഇന്ന് വീണ്ടും പരിഗണിക്കും.