ന്യൂഡൽഹി: യു.പിയിൽ ജയിലിലടയ്ക്കപ്പെട്ട മാദ്ധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് അടിയന്തര ചികിത്സ ആവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയൻ (കെ.യു.ഡബ്ല്യു.ജെ) സുപ്രീംകോടതിയെ സമീപിച്ചു. ദീർഘനാളായി പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവും അനുഭവിക്കുന്ന സിദ്ദിഖിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കഴിഞ്ഞദിവസം മഥുരയിലെ കെ.എം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ജയലിൽ വൃത്തിഹീനമായ സാഹചര്യമാണുള്ളത്. കുടിവെള്ളം കിട്ടാത്തതിനാൽ ടോയ്‌ലെറ്റിലെ വെള്ളം കുടിക്കേണ്ടിവന്നു. ആരോഗ്യനിലയ്ക്ക് ചേരാത്ത ഭക്ഷണം നൽകുന്നത് കാരണം തുടർച്ചയായി ഛർദ്ദിയുണ്ടായി. ആരോഗ്യം മോശമായി കുളിമുറിയിൽ വീണ് സിദ്ദിഖിന് ഗുരുതരമായി പരിക്കേറ്റു. ഇതിന് പിന്നാലെയാണ് കൊവിഡും സ്ഥിരീകരിച്ചത്. ആരോഗ്യനില വഷളായി ജീവനുതന്നെ ഭീഷണിയുണ്ടായേക്കാമെന്ന സാഹചര്യമാണുള്ളത്. യു.പിയിൽ നിന്ന് ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിലേക്കോ, എയിംസിലേക്കോ അടിയന്തരമായി മാറ്റി മികച്ച ചികിത്സ ഉറപ്പാക്കണമെന്നാണ് ആവശ്യം.