vikas-dube

ന്യൂഡൽഹി: അധോലോക നായകൻ വികാസ് ദുബേ വെടിയേറ്റ് മരിച്ച സംഭവത്തിൽ യു.പി പൊലീസിന് പിഴവ് പറ്റിയിട്ടില്ലെന്ന് സുപ്രീംകോടതി നിയോഗിച്ച അന്വേഷണ കമ്മിഷൻ കണ്ടെത്തി. 2019 ജൂലായിൽ മദ്ധ്യപ്രദേശിലെ ഉജ്ജ്വയ്‌നിൽ വച്ച് അറസ്റ്റ് ചെയ്‌ത ദുബെയെ കാൺപൂരിലേക്ക് കൊണ്ടുവരും വഴി പൊലീസ് വാഹനം അപകടത്തിൽപ്പെടുകയും ദുബെ തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ചപ്പോളുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്നുമാണ് പൊലീസ് വാദം. എന്നാൽ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന പരാതിയെ തുടർന്നാണ് സുപ്രീംകോടതി റിട്ട. ജസ്റ്റിസ് ബി.എസ്. ചൗഹാന്റെ നേതൃത്വത്തിലുള്ള കമ്മിഷന് അന്വേഷണ ചുമതല നൽകിയത്.

പൊലീസിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും മൊഴി നൽകാൻ മാദ്ധ്യമ പ്രവർത്തകർ എത്തിയില്ലെന്ന് കമ്മിഷൻ അറിയിച്ചു. സംഭവത്തിൽ യു.പി പൊലീസിന് പിഴവു സംഭവിച്ചതിന് തെളിവുകളില്ലെന്നും കമ്മിഷൻ വ്യക്തമാക്കി. റിപ്പോർട്ട് ഉടൻ സുപ്രീംകോടതിക്ക് കൈമാറും.