medical-oxygen

യു.പി, ഹരിയാന സർക്കാരുകൾ വിതരണം തടസപ്പെടുത്തുന്നുവെന്ന് സിസോദിയ

ന്യൂഡൽഹി: കൊവിഡ് രോഗികളുടെ എണ്ണം കാൽലക്ഷം കടന്ന ഡൽഹിയിലെ ആശുപത്രികളിൽ മെഡിക്കൽ ഓക്സിജൻ ക്ഷാമം രൂക്ഷമായി തുടരുന്നു. സർക്കാർ, സ്വകാര്യ ആശുപത്രികൾ ഒരുപോലെ പ്രതിസന്ധിയിലാണ്. സരോജ് സൂപ്പർ സ്‌പെഷാലിറ്റി ആശുപത്രി, ശാന്തി മുകുന്ദ്, തീർഥി റാം ഷാ, യു.കെ നഴ്‌സിംഗ് ഹോം,രാഥി ആശുപത്രി, സാൻതോം ആശുപത്രി എന്നിവിടങ്ങളിൽ തീരെയില്ലെന്നും റിസർവ് സംവിധാനമാണ് ഉപയോഗിക്കുന്നതെന്നും സർക്കാർ പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ ഇന്നലെ വൈകിട്ട് വരെയുള്ള കണക്ക് പ്രകാരം അംബേദ്കർ നഗർ ആശുപത്രി- 24 മണിക്കൂർ, ബുറാഡി സർക്കാർ ആശുപത്രി- 7 മണിക്കൂർ, ദീൻ ദയാൽ ഉപാധ്യായ് ആശുപത്രി- 6 മണിക്കൂർ, ദീപ് ചന്ദ് ബന്ധു ആശുപത്രി 8-10 മണിക്കൂർ, ഡോ. ബാബാ സാഹേബ് അംബേദ്കർ ആശുപത്രി- 4 മണിക്കൂർ, ജി.ടി.ബി ആശുപത്രി- 8 മണിക്കൂർ, രാജീവ് ഗാന്ധി സൂപ്പർ സ്‌പെഷാലിറ്റി ആശുപത്രി- 11 മണിക്കൂർ നേരത്തേക്കുമുള്ള സ്റ്റോക്കാണ് ശേഷിക്കുന്നത്.

സ്വകാര്യആശുപത്രികളായ പുസ റോഡ് ബി.എൽ.കെ, ഓഖ്‌ല ഹോളിഫാമിലി, ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രി, പട്പട്ഗഞ്ച് മാക്‌സ് സൂപ്പർ സ്‌പെഷാലിറ്റി ആശുപത്രി, ഗംഗാറാം ആശുപത്രി തുടങ്ങിയവിടങ്ങളിലും ഓക്സിജൻ സ്റ്റോക്ക് പരിമിതമാണ്. സ്ഥിരം ഓക്സിജൻ ആവശ്യമുള്ള 2,000ത്തിലധികം രോഗികൾ ഡൽഹിയിലുണ്ട്. സംസ്ഥാനത്തിന് അനുവദിച്ച പ്രതിദിന ക്വോട്ട 378 മെട്രിക് ടണ്ണിൽ 117 മെട്രിക് ടൺ മാത്രമാണ് ഇന്നലെ ലഭിച്ചതെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. യു.പി, ഹരിയാന സർക്കാരുകൾ ഓക്‌സിജൻ വിതരണം തടസപ്പെടുത്തുന്നുവെന്നും വാഹനങ്ങൾ കടത്തിവിടുന്നില്ലെന്നും ആരോപിച്ചു. ടാങ്കറുകൾ പ്ലാന്റുകൾക്കു വെളിയിൽ ഇപ്പോഴും കിടക്കുകയാണ്. ഹരിയാനയിൽ അവരുടെ ടാങ്കറുകൾ മാത്രമാണ് ഓക്‌സിജൻ പ്ലാന്റുകൾക്ക് അകത്തേക്ക് വിടുന്നതെന്നും സിസോദിയ ആരോപിച്ചു. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി ഡോ. ഹർഷ് വർദ്ധന് സിസോദിയ കത്തയച്ചു.