ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം നിയന്ത്രണാതീതമായി ഉയരുകയും മെഡിക്കൽ ഓക്സിജൻ പ്രതിസന്ധി രൂക്ഷമാവുകയും ചെയ്തതിനു പിന്നാലെ ന്യൂഡൽഹിയിൽ വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന 25 രോഗികൾ പ്രാണവായു കിട്ടാതെ മരിച്ചു.
തലസ്ഥാനത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയായ ഗംഗാറാമിൽ 24 മണിക്കൂറിനിടെയാണ് ഇത്രയും മരണം സംഭവിച്ചത്.
രണ്ട് മണിക്കൂറിനുള്ള ഓക്സിജൻ മാത്രമേ ബാക്കിയുള്ളൂവെന്നും . വെന്റിലേറ്ററുകൾ ഫലപ്രദമായി പ്രവർത്തിപ്പിക്കാൻ കഴിയുന്നില്ലെന്നും 60 രോഗികളുടെ നില അപകടത്തിലാകാമെന്നും മെഡിക്കൽ ഡയറക്ടർ പ്രസ്താവനയിറക്കി.
ഓക്‌സിജൻ കുറവ് മരണത്തിന് ഇടയാക്കാമെന്ന് ആശുപത്രിയിലെ അഡിഷണൽ ഡയക്ടർ ഡോ. സതേന്ദ്ര കടോച്ചും പറഞ്ഞു. ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് ഉയർന്ന അളവിൽ തുടർച്ചയായി ഓക്സിജൻ നൽകണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഓക്സിജൻ കിട്ടാതെ രോഗികൾ മരിച്ചതെന്ന് മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ആശുപത്രി ചെയർമാൻ ഡി.എസ് റാണ അത് നിഷേധിച്ചു. ഓക്‌സിജൻ കിട്ടാതെയാണ് രോഗികൾ മരിച്ചതെന്ന് പറയുന്നത് ശരിയല്ല. രോഗികളുടെ നില ഗുരുതരമായിരുന്നു. സ്വാഭാവിക മരണമാണ്. അതേസമയം, ആശുപത്രിയിൽ നിരവധി രോഗികൾ ഗുരുതരാവസ്ഥയിലാണെന്നും ഓക്‌സിജൻ ക്ഷാമം രൂക്ഷമാണെന്നും അദ്ദേഹം സമ്മതിച്ചു. 500ലേറ കൊവിഡ് രോഗികളുണ്ട്. 150ഓളം രോഗികൾ ഉയർന്നതോതിൽ ഓക്സിജൻ ആവശ്യമുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു
9.20 ഓടെ ഓക്‌സിജൻ ടാങ്കർ ആശുപത്രിയിൽ എത്തിയതോടെ താൽക്കാലിക ആശ്വാസമായി. പിന്നീട് മറ്റൊരു ടാങ്കർ ഓക്സിജൻ കൂടി എത്തി. ഓക്സിജൻ ക്ഷാമം അറിയിച്ച തലസ്ഥാനത്തെ രണ്ട് മാക്സ് ആശുപത്രികളിലും ഓക്സിജൻ എത്തി.
ആശുപത്രികളിൽ ഐ.സി.യു ദുരന്തം
മഹാരാഷ്ട്രയിൽ തീ
പടർന്ന് 14 മരണം
# വിജയ് വല്ലഭ്ആശുപത്രിയിൽ
മുംബയ്: മഹാരാഷ്ട്ര പാൽഘർ ജില്ലയിലെ വീരാറിലെ വിജയ് വല്ലഭ് കൊവിഡ് ആശുപത്രി ഐ.സി.യുവിലുണ്ടായ തീപിടിത്തത്തിൽ 14 കൊവിഡ് രോഗികൾ മരിച്ചു. കഴിഞ്ഞ ദിവസം നാസിക്കിലെ ആശുപത്രിയിൽ ഓക്സിജൻ ചോർന്ന് 24 കൊവിഡ് രോഗികൾ ശ്വാസം മുട്ടി മരിച്ചതിന് പിന്നാലെയാണ് ഈ ദുരന്തം.
നാല് നിലയുള്ള ആശുപത്രിയുടെ രണ്ടാം നിലയിലെ ഐ.സി.യുവിൽ പുലർച്ചെ മൂന്ന് മണിയോടെയാണ് തീ പിടിച്ചത്. 17 രോഗികളുണ്ടായിരുന്നു. പൊള്ളലേറ്റ മൂന്നു പേരെയും ആശുപത്രിയിലെ മറ്റ് 90ഓളം കൊവിഡ് രോഗികളെയും സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.
തീപിടിത്തതിന്റെ കാരണം വ്യക്തമല്ല. അഞ്ചുമണിയോടെ എത്തിയ മൂന്ന് ഫയർ എൻജിനുകൾ മണിക്കൂറുകളെടുത്താണ് തീ അണച്ചത്.
സ്വകാര്യ ആശുപത്രിയായിരുന്ന വിജയ് വല്ലഭ് കൊവിഡ് ആശുപത്രിയാക്കി മാറ്റുകയായിരുന്നു.
മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അന്വേഷണത്തിന് ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അഞ്ചുലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് ഒരുലക്ഷം രൂപ വീതവും നൽകും.
ദാരുണമായ സംഭവമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് നൽകുമെന്നും അദ്ദേഹം അറിയിച്ചു.