ന്യൂഡൽഹി: മഹാരാഷ്‌ട്ര മുൻ ആഭ്യന്തര മന്ത്രിയും എൻ.സി.പി നേതാവുമായ അനിൽ ദേശ്‌മുഖിന്റെ നാഗ്പൂർ, മുംബയ് വസതികളിലടക്കം നിരവധി സ്ഥലങ്ങളിൽ സി.ബി.ഐ റെയ്ഡ് നടത്തി. പൊലീസുകാരെ ഉപയോഗിച്ച് അനിൽ ദേശ്‌മുഖ് പണപിരിവ് നടത്തിയെന്ന മുൻ മുംബയ് പൊലീസ് കമ്മിഷണർ പരംബീർ സിംഗിന്റെ ആരോപണത്തിൽ സി.ബി.ഐ കേസെടുത്തിരുന്നു. റെയ്ഡിനിടെ എൻ.സി.പി പ്രവർത്തകർ വസതിക്ക് മുന്നിൽ പ്രതിഷേധിച്ചു.

റെയ്ഡിന് പിന്നിൽ കേന്ദ്രസർക്കാരിന്റെ ഗൂഢാലോചനയാണെന്നാരോപിച്ചായിരുന്നു പ്രതിഷേധം. മഹാരാഷ്‌ട്ര സർക്കാരിനെ അവഹേളിക്കാനാണ് റെയ്ഡെന്നും അവർ പറഞ്ഞു. ഒടുവിൽ പൊലീസെത്തി പ്രതിഷേധക്കാരെ നീക്കം ചെയ്തു.

ആറു മണിക്കൂറിലേറെ നീണ്ട റെയ്ഡിൽ ദേശ്‌മുഖിനെതിരെ അന്വേഷണം തുടരുന്നതിന് ആവശ്യമായ രേഖകൾ ലഭിച്ചതായി സി.ബി.ഐ അറിയിച്ചു. അഴിമതിക്കേസിൽ എഫ്.ഐ.ആർ സമർപ്പിച്ച സി.ബി.ഐ കഴിഞ്ഞ ദിവസം അദ്ദേഹത്തെ ചോദ്യം ചെയ്‌തിരുന്നു.

മുകേഷ് അംബാനിയുടെ വസതിക്ക് മുന്നിൽ സ്ഫോടക വസ്തുക്കൾ കണ്ടെടുത്ത സംഭവത്തിൽ അറസ്റ്റിലായ മുൻ പൊലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വസെയോട് ബാർ, ഹോട്ടൽ ഉടമകളിൽ നിന്ന് 100 കോടി രൂപ പിരിക്കാൻ അനിൽ ദേശ്‌മുഖ് ആവശ്യപ്പെട്ടെന്ന് ആരോപിച്ച് പരംബീർ നൽകിയ പൊതുതാത്പര്യ ഹർജി പരിഗണിച്ച ബോംബെ ഹൈക്കോടതിയാണ് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിനെതിരെ അനിൽ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളിയിരുന്നു.