ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധി രൂക്ഷമാക്കി രാജ്യത്തെ പ്രതിദിന കുതിപ്പ് തുടരുന്നു. 24 മണിക്കൂറിനുള്ളിൽ 3,46,786 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 2,624 പേർ മരിച്ചു. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഡൽഹി, കർണാടക, കേരളം, ഛത്തീസ്ഗഡ്, മദ്ധ്യപ്രദേശ്, തമിഴ്നാട്, ഗുജറാത്ത്, രാജസ്ഥാൻ സംസ്ഥാനങ്ങളിലാണ് 74.15 ശതമാനം പുതിയ കേസുകളും റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിലും യു.പിയിലും റെക്കാഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. രാജ്യത്ത് ചികിത്സയിലുള്ളവർ 26 ലക്ഷത്തോടടുത്തു. ഇതിൽ 66.66 ശതമാനവും മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ഉത്തർപ്രദേശ്, കർണാടക, രാജസ്ഥാൻ, ഗുജറാത്ത്, കേരളം എന്നീ ഏഴ് സംസ്ഥാനങ്ങളിലാണ്. പുതിയ മരണങ്ങളിൽ 82.28 ശതമാനവും മഹാരാഷ്ട്ര, ഡൽഹി ഉൾപ്പെടെയുള്ള പത്ത് സംസ്ഥാനങ്ങളിലാണ്.
24 മണിക്കൂറിൽ 2,19,838 പേർ രോഗമുക്തരായി - 83.49%. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ലഡാക്ക്, ദാദ്ര നഗർ ഹവേലി ആൻഡ് ദാമൻ ദിയു, ത്രിപുര, മേഘാലയ, മിസോറം, ലക്ഷദ്വീപ്, സിക്കിം, മണിപ്പൂർ, നാഗാലാൻഡ്, ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപ് അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ പുതിയ കൊവിഡ് മരണങ്ങളില്ല.