oxygen

ന്യൂഡൽഹി: മെഡിക്കൽ ഓക്സിജന്റെയും കൊവിഡ് വാക്സിന്റെയും ക്ഷാമം പരിഹരിക്കാൻ കൂടുതൽ നടപടികളുമായി കേന്ദ്രസർക്കാർ.മെഡിക്കൽ ഓക്സിജൻ, അനുബന്ധ ഉപകരണങ്ങൾ എന്നിവയുടെ അടിസ്ഥാന ഇറക്കുമതി തീരുവയും ആരോഗ്യ സെസും മൂന്നുമാസത്തേക്ക് ഒഴിവാക്കി. കൊവിഡ് വാക്സിന്റെ അടിസ്ഥാന ഇറക്കുമതി തീരുവയും ഇതേ കാലയളവിലേക്ക് ഒഴിവാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം.

മെഡിക്കൽ ഓക്സിജന് പുറമെ ഓക്‌സിജൻ ജനറേറ്ററുകൾ, സംഭരണ ടാങ്കുകൾ, നിറയ്ക്കാനുള്ള ഉപകരണങ്ങൾ,ക്രയോജനിക് സിലിണ്ടറുകളും ടാങ്കുകളും , ഓക്സിജൻ കൊണ്ടുപോകുന്നതിനുള്ള ഐ.എസ്.ഒ കണ്ടെയ്‌നറുകൾ, ഓക്സിജൻ റോഡ് മാർഗം കൊണ്ടുപോകുന്നതിനുള്ള ക്രയോജനിക് ടാങ്കുകൾ തുടങ്ങിയ അനുബന്ധ ഉപകരണങ്ങൾക്കാണ് തീരുവ ഇളവ് പ്രഖ്യാപിച്ചത്.
കസ്റ്റംസ് ക്ലിയറൻസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കാൻ നോഡൽ ഓഫീസറെ നിയോഗിച്ചു.
ഓക്സിജൻ ലഭ്യത വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ ഇന്നലെ പ്രധാനമന്ത്രി അവലോകനം ചെയ്തു. .യോഗത്തിൽ കേന്ദ്രധനമന്ത്രി, ആരോഗ്യമന്ത്രി തുടങ്ങിയവരും പങ്കെടുത്തു.