ന്യൂഡൽഹി: കൊവിഡ് വ്യാപനം സംബന്ധിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സൂചിപ്പിച്ച ആശങ്ക ശരിവയ്ക്കുന്നതാണ് ഡൽഹി ഹൈക്കോടതിയുടെ നിരീക്ഷണമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. കഴിഞ്ഞ വർഷം മാർച്ചിൽ കൊവിഡ് വ്യാപനം രൂക്ഷമാവുന്നതിനു മുമ്പേ രാഹുൽ ഗാന്ധി സുനാമി വരുമെന്ന് സൂചിപ്പിച്ചിരുന്നു.കേന്ദ്ര ആരോഗ്യമന്ത്രി അടക്കമുള്ള ബി.ജെ.പി നേതാക്കൾ അതു പരിഹസിച്ചു തള്ളി. വൻസുനാമി നേരിടാൻ മുൻകരുതൽ എടുക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടിരുന്നു. ഡൽഹി ഹൈക്കോടതിയുടെ നിരീക്ഷണത്തെയും ബി.ജെ.പി നേതാക്കൾ പരിഹസിച്ചു തള്ളുമോ എന്നറിയാൻ താത്പര്യമുണ്ട്.
ജനങ്ങളുടെ ജീവൻ അപകടത്തിലാക്കിയ പ്രധാനമന്ത്രിയും കേന്ദ്ര സർക്കാരും കൂട്ട നരഹത്യയ്ക്ക് പരോക്ഷ ഉത്തരവാദികളാണെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി.