ന്യൂഡൽഹി: മെഡിക്കൽ ഓക്സിജൻ പ്രതിസന്ധി രൂക്ഷമായി ആശുപത്രികളിൽ കൂട്ടമരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളോട് സഹായഭ്യർത്ഥനയുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. ഓക്സിജൻ അധികമുണ്ടെങ്കിൽ ഡൽഹിക്ക് നൽകണമെന്ന് അഭ്യർത്ഥിച്ച് അദ്ദേഹം എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർക്ക് കത്തയച്ചു. കേന്ദ്രസർക്കാർ സഹായിക്കുന്നുണ്ടെങ്കിലും വിഭവങ്ങളൊന്നും തികയാത്ത തരത്തിലുള്ള കൊവിഡ് പ്രതിസന്ധിയാണുള്ളതെന്നും കേജ്രിവാൾ വ്യക്തമാക്കി.
ഓക്സിജൻ പ്ലാന്റുകളുടെ ചുമതല സൈന്യം ഏറ്റെടുക്കണമെന്നും ഓക്സിജൻ വിതരണം തടസപ്പെടാതിരിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകണമെന്നും വെള്ളിയാഴ്ച പ്രധാനമന്ത്രിയുമായുള്ള യോഗത്തിൽ കേജ്രിവാൾ അഭ്യർത്ഥിച്ചിരുന്നു. എന്നാൽ അടിയന്തരമായി ഓക്സിജൻ ആവശ്യപ്പെട്ട് ഇന്നലെയും വിവിധ ആശുപത്രികൾ ഹൈക്കോടതിയെ സമീപിച്ചു. ഒരാഴ്ചയ്ക്കിടെ 1.77 ലക്ഷത്തിലേറെ രോഗികളും 1500ലേറെ മരണവുമാണ് ദേശീയ തലസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. തുടർച്ചയായി പ്രതിദിന മരണം 300 കടന്നിട്ടുണ്ട്. ചികിത്സയിലുള്ള രോഗികളുടെ എണ്ണം ഒരു ലക്ഷത്തോടടുത്തു. പല ആശുപത്രികളും പുതിയ രോഗികളെ പ്രവേശിപ്പിക്കാൻ പറ്റാത്തതിനാൽ തിരിച്ചയയ്ക്കുകയാണ്. ഓക്സിജൻ സിലിണ്ടറുകൾ നിറയ്ക്കാൻ രോഗികളുടെ ബന്ധുക്കൾ ക്യൂ നിൽക്കുകയാണ്.