covid-1

ന്യൂഡൽഹി: മേയ് ഒന്ന് മുതൽ ആരംഭിക്കുന്ന കൊവിഡ് വാക്സിനേഷൻ യജ്ഞത്തിന്റെ മൂന്നാംഘട്ടത്തിൽ കൂടുതൽ സ്വകാര്യ വാക്സിൻ കേന്ദ്രങ്ങളെ ഉൾപ്പെടുത്തണമെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി.

സ്വകാര്യ ആശുപത്രികൾ, വ്യവസായ സ്ഥാപനങ്ങളുടെ ആശുപത്രികൾ, വ്യവസായ അസോസിയേഷനുകൾ തുങ്ങിയവരെ ഉൾപ്പെടുത്തി കൂടുതൽ സ്വകാര്യ കൊവിഡ് വാക്‌സിനേഷൻ കേന്ദ്രങ്ങൾ രജിസ്റ്റർ ചെയ്യാനാണ് നി‌ർദ്ദേശം. 18നും 45നും ഇടയിലുള്ളവർക്കുള്ള രജിസ്ട്രേഷൻ ഓൺലൈനിലൂടെ മാത്രമേയുള്ളൂവെന്നതിന് പ്രചാരം നൽകണം. വാക്സിൻ സ്വന്തം നിലയിൽ വാങ്ങുന്ന സ്വകാര്യആശുപത്രികളുടെ എണ്ണം നിരീക്ഷിക്കണം. വാക്സിനേഷൻ കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് മതിയായ പരിശീലനം നൽകുക. പൊലീസുമായി ചേർന്ന് ആൾക്കൂട്ടം നിയന്ത്രിക്കാൻ നടപടിയെടുക്കണം തുടങ്ങിയ മാർഗനിർദ്ദേശങ്ങൾ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകി.

സംസ്ഥാനങ്ങൾ കൊവിഡ് പ്രതിരോധപ്രവ‌ർത്തനങ്ങൾ ശക്തിപ്പെടുത്തണം. ആവശ്യമായ കിടക്കകൾ, ഓക്സിജൻ തുടങ്ങിയവ ഉറപ്പാക്കുക, വലിയ ആശുപത്രികളിൽ ഓക്‌സിജൻ പ്ലാന്റുകൾ സ്ഥാപിക്കുക, വീട്ടിൽ ഐസൊലേഷനിലുള്ള രോഗികൾക്ക് ടെലി മെഡിസിൻ സംവിധാനം, ആശുപത്രി കിടക്കകളുടെ ലഭ്യത സംബന്ധിച്ച് യഥാസമയമുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് എളുപ്പത്തിൽ ലഭ്യമാക്കുക,

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ആശാവർക്കർമാർ ഉൾപ്പെടെയുള്ള മുന്നണിപ്പോരാളികൾക്ക് മാന്യമായ വേതനം കൃത്യമായി നൽകുക, തുടങ്ങിയ നി‌ർദ്ദേശങ്ങളും സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകി.