vaccine

ന്യൂഡൽഹി: രാജ്യത്തെ ജനസംഖ്യയിൽ വലിയൊരു വിഭാഗത്തെ സൗജന്യ വാക്സിൻ പദ്ധതിയിൽ നിന്നൊഴിവാക്കി വാക്സിൻ നിർമ്മാതാക്കളുമായി ചേർന്ന് കേന്ദ്ര സർക്കാർ 1,11,100 കോടിയുടെ ലാഭക്കച്ചവടം നടത്തുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. ഇന്ത്യൻ വിപണിയിൽ വാക്സിനുകൾക്ക് 700 മടങ്ങ് അധിക വിലയാണ് ഈടാക്കുന്നതെന്നും പാർട്ടി വക്താവ് രൺദീപ് സുർജെവാല ചൂണ്ടിക്കാട്ടി.

മേയ് ഒന്നിന് തുടങ്ങുന്ന മൂന്നാം ഘട്ട വാക്സിൻ പദ്ധതിയിൽ കേന്ദ്രസർക്കാർ 18-45 പ്രായക്കാരെ ഉപേക്ഷിച്ചിരിക്കുകയാണ്. അവർ കൂടുതൽ വില നൽകി സ്വകാര്യ കേന്ദ്രങ്ങളിൽ നിന്ന് വാക്സിൻ സ്വീകരിക്കണം. കൊവിഷീൽഡ് നിർമ്മാതാക്കളായ സീറം ഇൻസ്റ്റിറ്റ്യൂട്ടിനും കൊവാക്സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക്കിനും സ്വാതന്ത്ര്യം നൽകിയതോടെ പൂർണമായും വിവേചനപരമായ വിലയാണ് പുറത്തുവിട്ടിരിക്കുന്നത്. 45 വയസിന് താഴെയുള്ള ഏതാണ്ട് 101 കോടി ആളുകൾക്കുള്ള 202 ഡോസിന് ഇരു കമ്പനികൾക്കും ലഭിക്കുക 1,11,100 കോടിയോളം രൂപയാണ്. സെൻസസ് പ്രകാരം 101 കോടി ആളുകളിൽ 31 കോടിയോളം ദാരിദ്ര്യ രേഖയ്‌ക്ക് താഴെയുള്ളവരാണ്. പാർശ്വവത്ക്കരിക്കപ്പെട്ടവരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും അടങ്ങിയ കോടിക്കണക്കിന് ആളുകൾ ബാക്കിയുണ്ടെന്നും സുർജെവാല പറഞ്ഞു.