siddique-kappan

പരാതി ഇന്ന് സുപ്രീംകോടതിയിൽ

ന്യൂഡൽഹി: ജയിലിൽ കഴിയവെ കൊവിഡ് ബാധിച്ച് യു.പിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മലയാളി മാദ്ധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെ ടോയ്‌ലെറ്റിൽ പോകാൻ പോലും അനുവദിക്കാതെ ചങ്ങലക്കിട്ടെന്ന ഭാര്യയുടെ പരാതി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് എൻ.വി. രമണയുടെ ബെഞ്ചിലാണ് ഹർജി.

ചങ്ങലയിൽ നിന്ന് സിദ്ദിഖിനെ എത്രയും വേഗം മോചിപ്പിക്കണം, മികച്ച ചികിത്സ ഉറപ്പാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് കോടതിയുടെ മുമ്പിലുള്ളത്. സിദ്ദിഖിനെ എയിംസിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ വിവിധ എം.പിമാരും ചീഫ്ജസ്റ്റിസിന് കത്ത് നൽകിയിരുന്നു.

സിദ്ദിഖിനെതിരായ മനുഷ്യത്വരഹിതമായ നടപടി ചൂണ്ടിക്കാട്ടി ഇന്നലെ എഡിറ്റേഴ്സ് ഗിൽഡും രംഗത്തെത്തി. കാപ്പന് മതിയായ ചികിത്സ എത്രയും വേഗം ഉറപ്പാക്കണമെന്നും അന്തസോടെ പരിഗണിക്കണമെന്നും എഡിറ്റേഴ്‌സ് ഗിൽഡ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ആശുപത്രിയിൽ ചങ്ങലക്കിട്ടെന്ന വാർത്ത ഞെട്ടിക്കുന്നതാണ്. ന്യായമായ വിചാരണ ഉറപ്പാക്കാൻ സുപ്രീംകോടതി ഇടപെട്ടില്ലെന്നതും ഞെട്ടിക്കുന്നു. സിദ്ദിഖിന്റെ മോചനത്തിനായുള്ള ഹേബിയസ് കോർപസ് ഹർജി ആറുമാസമായി സുപ്രീംകോടതിയിൽ കെട്ടിക്കിടക്കുകയാണ്. കേസ് അടിയന്തരമായി പരിഗണിക്കണമെന്നും ന്യായമായ വിചാരണ സിദ്ദിഖിന് ഉറപ്പാക്കണമെന്നും സുപ്രീംകോടതിയോട് ഗിൽഡ് ആവശ്യപ്പെട്ടു.