karuna-shukla

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ എം.പിയുമായ കരുണ ശുക്ല കൊവിഡ് ബാധിച്ച് മരിച്ചു. ചത്തീസ്ഗഡിലെ റായ്പുർ രാമകൃഷ്ണ കെയർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. 70 വയസായിരുന്നു. മുൻ പ്രധാനമന്ത്രി അടൽബിഹാരി വാജ്‌പേയിയുടെ അനന്തരവളാണ്.

ജംഗീർ- ചമ്പ മണ്ഡലത്തിൽ നിന്ന് 2004ൽ ലോക്‌സഭയിലെത്തി. അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് 32 വർഷത്തെ ബന്ധം ഉപേക്ഷിച്ച് 2013ൽ ബി.ജെ.പി വിട്ടു. 2014ൽ കോൺഗ്രസിൽ ചേർന്ന് ബിലാസ്പുരിൽ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി നേതാവും അന്നത്തെ മുഖ്യമന്ത്രിയുമായ രമൺസിംഗിനോട് രാജ്‌നന്ദ്ഗാവ് മണ്ഡലത്തിൽ മത്സരിച്ചെങ്കിലും തോറ്റു. കരുണശുക്ലയുടെ മരണത്തിൽ

ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭുപേഷ് ഭാഗലടക്കമുള്ള പ്രമുഖർ അനുശോചിച്ചു.