ന്യൂഡൽഹി: ഇ.എസ്.ഐ ഇൻഷ്വറൻസ് പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികൾക്കും കുടുംബാംഗങ്ങൾക്കും സൗജന്യ കോവിഡ് വാക്‌സിനേഷൻ നൽകാൻ പ്രത്യേക പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് എൻ.കെ. പ്രേമചന്ദ്രൻ എം.പി. കേന്ദ്ര തൊഴിൽ മന്ത്രിക്കും വകുപ്പ് സെക്രട്ടറിക്കും ഇ.എസ്.ഐ ഡയറക്ടർ ജനറലിനും നിവേദനം നൽകി.
18-44 പ്രായക്കാർക്ക് സ്വകാര്യ ആശുപത്രികളിൽ വിലകൂടിയ വാക്സിൻ എടുക്കേണ്ട സാഹചര്യമാണ്. അതിനാൽ ഇൻഷ്വറൻസ് പരിരക്ഷയുളള തൊഴിലാളികൾക്കും കുടുംബാംഗങ്ങൾക്കും വാക്‌സിൻ നൽകാൻ ഇ.എസ്.ഐ കോർപറേഷൻ നടപടി സ്വീകരിക്കണം. കൊവിഡ് ബാധിതരായ തൊഴിലാളികളെയും കുടുംബത്തേയും ചികിത്സിക്കുന്നത് ഇ.എസ്.ഐ കോർപ്പറേഷൻ വൻ സാമ്പത്തിക ബാദ്ധ്യതയാകും. പ്രതിരോധ കുത്തിവയ്പ്പ് നൽകി ആരോഗ്യസംരക്ഷണം ഉറപ്പു വരുത്തിയാൽ ഭാവിയിൽ വലിയ ചികിത്സാ ചിലവ് ഒഴിവാക്കാം. കൊവിഡ് പ്രതിരോധ കുത്തിവയ്പ്പിനായി ഇ.എസ്.ഐ ആശുപത്രികളിൽ കുത്തിവയ്പ് ക്യാമ്പുകൾ സംഘടിപ്പിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.