modi-

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാജി ആവശ്യപ്പെട്ടുള്ള ഹാഷ്‌ടാഗ് കാമ്പെയ്ൻ നീക്കം ചെയ്യാൻ ഫേസ്ബുക്കിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്രസർക്കാർ. മറിച്ചുള്ള വാർത്തകൾ തെറ്റിദ്ധാരണാജനകവും ദുരുദ്ദേശപരവുമാണെന്നും പ്രസ്താവനയിൽ കേന്ദ്രം വ്യക്തമാക്കി. ഇതുസംബന്ധിച്ച് വാൾസ്ട്രീറ്റ് ജേർണലിൽ വന്ന വാർത്ത തെറ്റിദ്ധരിപ്പിക്കുന്നതും ദുരുദ്ദേശത്തോടെയുള്ളതുമാണ്. ഹാഷ്‌ടാഗ് പ്രചാരണം നീക്കാൻ ആവശ്യപ്പെട്ടിട്ടില്ല. അബദ്ധത്തിൽ സംഭവിച്ചതാണെന്ന് ഫേസ്ബുക്കും വിശദീകരിച്ചിട്ടുണ്ട്. മഹാമാരിക്കെതിരായ പോരാട്ടത്തിൽ മാദ്ധ്യമങ്ങളും പങ്കാളികളാകണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.

കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് മോദി രാജിവയ്ക്കണമെന്ന ഹാഷ്‌ടാഗ് പ്രചാരണം ഫേസ്ബുക്കിൽ വ്യാപകമായത്. ഇത് ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തു. ഇതിനെതിരെ വിമർശനം ശക്തമായതോടെ ബ്ലോക്ക് നീക്കി ഫേസ്ബുക്ക് തടിയൂരി. ബ്ലോക്ക് ചെയ്തത് അബദ്ധത്തിൽ സംഭവിച്ചതാണെന്നും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടല്ലെന്നും ഫേസ്ബുക്ക് വിശദീകരിച്ചിരുന്നു.