ayush

ന്യൂഡൽഹി: രോഗലക്ഷണങ്ങൾ ഇല്ലാത്തതും ചെറിയ തോതിൽ വൈറസ് ബാധയുള്ളതുമായ കൊവിഡ് രോഗികളിലെ ചികിത്സയ്ക്ക് ആയുർവേദ മരുന്നായ ആയുഷ് 64 ഫലപ്രദമെന്ന് പഠനത്തിൽ തെളിഞ്ഞു. ആയുഷ് മന്ത്രാലയത്തിന് കീഴിലെ ആയുർവേദിക് സയൻസസ് റിസർച്ച് കൗൺസിൽ ആണ് ഔഷധം വികസിപ്പിച്ചത്.

1980ൽ മലേറിയക്കെതിരെ വികസിപ്പിച്ച മരുന്നിൽ മാറ്റംവരുത്തിയാണ് ആയുഷ് 64ന് രൂപം നൽകിയത്.

ആയുഷ് മന്ത്രാലയവും, സയന്റിഫിക് ആന്റ് ഇൻഡസ്ട്രിയൽ റിസർച്ച് കൗൺസിലും നടത്തിയ പഠനത്തിൽ നേരിയതോ മിതമായതോ ആയ അണുബാധയുള്ള കൊവിഡ് രോഗികളുടെ ചികിത്സയ്ക്ക് ആയുഷ് 64 സുരക്ഷിതവും ഫലപ്രദവുമാണെന്ന് തെളിഞ്ഞു.

നിലവിലെ ചികിത്സ രീതികൾക്കൊപ്പം ആയുഷ് 64 നൽകിയാൽ പെട്ടെന്ന് രോഗമുക്തി നേടാം. പൊതുവായ ആരോഗ്യം, വിശപ്പ്, ഉറക്കം എന്നിവ വീണ്ടെടുക്കാനും സമ്മർദ്ദം, ക്ഷീണം എന്നിവ കുറയ്ക്കാനും ഫലപ്രദമാണ്. ഏഴിലം പാല, കിരിയാത്ത, ആറ്റുപരണ്ട തുടങ്ങിയ ഔഷങ്ങളിൽ നിന്നാണ് ആയുഷ് 64 തയ്യാറാക്കുന്നത്. ആയുർവേദയോഗ ചികിത്സകളെ അധികരിച്ചുള്ള ദേശീയ ക്ലിനിക്കൽ മനേജ്‌മെന്റ് പ്രോട്ടോക്കോളിൽ ഈ മരുന്ന് ഉൾപ്പെടുത്തിയിരുന്നു.