ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ അവസാന ലാപ്പായ എട്ടാം ഘട്ട വോട്ടെടുപ്പിൽ 76.7ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ഇതോടെ കേരളം, തമിഴ്നാട്, അസാം, പുതുച്ചേരി, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പൂർത്തിയായി. ചില സംസ്ഥാനങ്ങളിലെ അസംബ്ളികളിലും മലപ്പുറം, തെലങ്കാന, ബെൽഗാം ലോക്‌സഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പും ഇതോടൊപ്പം നടന്നിരുന്നു. എല്ലായിടത്തെയും വോട്ടെണ്ണൽ മേയ് രണ്ടിനാണ്.
ബംഗാളിൽ കൊവിഡ് പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ തുടർന്ന് പ്രചാരണം നിറം മങ്ങിയ എട്ടാം ഘട്ടത്തിൽ നാല് ജില്ലകളിലെ 35 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നുവെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. മുർഷിദാബാദ് ജില്ലയിൽ വോട്ടെടുപ്പ് തുടങ്ങുന്നതിന് തൊട്ടുമുമ്പ് കാർ അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടതിനെ ചൊല്ലി സംഘർഷം ഉടലെടുത്തു.
വടക്കൻ കൊൽക്കത്തയിൽ കള്ളവോട്ട് ആരോപിച്ച് തൃണമൂൽ പ്രവർത്തകർ ബി.ജെ.പി സ്ഥാനാർത്ഥി കല്യാൺ ചൗബെയെ ഘരാവോ ചെയ്‌തു.