russia-help

വിദേശരാജ്യങ്ങളിൽ നിന്നുള്ള സഹായങ്ങൾ സ്വീകരിക്കും

16 വർഷം പഴക്കമുള്ള നയമാണ് മാറ്റിയത്

ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തിൽ 16 വർഷം പഴക്കമുള്ള നയം മാറ്റി വിദേശരാജ്യങ്ങളിൽ നിന്നുള്ള സഹായങ്ങൾ സ്വീകരിച്ച് ഇന്ത്യ. വൻദുരന്തങ്ങളും പ്രതിസന്ധികളും മറികടക്കാൻ വിദേശസഹായം സ്വീകരിക്കേണ്ടതില്ലെന്ന അനൗദ്യോഗിക വിദേശ നയമാണ് ഇന്ത്യ തിരുത്തിയത്.

മെഡിക്കൽ ഓക്സിജൻ അനുബന്ധ ഉപകരണങ്ങൾ, റെംഡെസിവിർ മരുന്ന് എന്നിവയാണ് പ്രധാനമായും വിദേശത്ത് നിന്ന് സംഭരിക്കുക. അയൽക്കാർ അടക്കം 40ലേറെ രാജ്യങ്ങൾ സഹായ വാഗ്ദാനം നടത്തിയിട്ടുണ്ടെന്ന്

വിദേശകാര്യസെക്രട്ടറി ഹർഷ വർദ്ധൻ ശൃംഗ്ള അറിയിച്ചു.

'അസാധാരണ പ്രതിസന്ധിയാണ് നിലവിലുള്ളത്. പല രാജ്യങ്ങളും സ്വമേധയാ സഹായ വാഗ്ദാനം നൽകിയതാണ്. പല രാജ്യങ്ങളെയും അവശ്യഘട്ടങ്ങളിൽ ഇന്ത്യ സഹായിച്ചിട്ടുണ്ട്. ഇപ്പോൾ അവരെല്ലാം തിരിച്ച് സഹായിക്കുകയാണെന്നും" നയം വ്യതിയാനമുണ്ടോയെന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

16 വർഷം മുമ്പ് യു.പി.എ സർക്കാരുണ്ടാക്കിയ അനൗദ്യോഗിക വിദേശ നയമാണ് മോദി സർക്കാർ ഇപ്പോൾ മാറ്റിയത്. 2018ലെ മഹാ പ്രളയക്കെടുതിയിൽ കേരളത്തിന് യു.എ.ഇ വാഗ്ദാനം ചെയ്ത 700 കോടി സഹായം മോദി സർക്കാർ വേണ്ടെന്ന് വച്ചിരുന്നു.

67,000 റെംഡെസിവിർ ഡോസുകളാണ് രാജ്യത്ത് ഉത്പാദിപ്പിക്കുന്നത്. പ്രതിദിനം 2.3 ലക്ഷം ഡോസുകൾ വേണമെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ഉത്പാദനം വ‌ർദ്ധിപ്പിക്കാനായി അസംസ്കൃത വസ്തുക്കൾ അമേരിക്ക, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് കേന്ദ്രം ഉറപ്പാക്കിയിട്ടുണ്ട്.

അമേരിക്കയിൽ നിന്നുള്ള വിമാനങ്ങൾ ഇന്നെത്തും

അമേരിക്ക, യുകെ, ഫ്രാൻസ്, ജർമനി, റഷ്യ, അയർലന്റ്, ബെൽജിയം, ഈജിപ്ത്, റൊമാനിയ, പോർച്ചുഗൽ, സ്വീഡൻ, ഓസ്ട്രേലിയ, സിംഗപുർ, സൗദിഅറേബ്യ, ഭൂട്ടാൻ, ലക്സംബർഗ്, തായ്ലന്റ്, ഫിൻലന്റ്, സ്വിറ്റ്സർലന്റ്, നോർവെ, ഇറ്റലി, യു.എ.ഇ, ബംഗ്ലാദേശ്, ചൈന തുടങ്ങിയ രാജ്യങ്ങളാണ് സഹായം വാഗ്ദാനം ചെയ്തത്.

ലിക്വിഡ് ഓക്‌സിജൻ, 550 ഓക്‌സിജൻ പ്ലാന്റുകൾ, 4000 ഓക്‌സിജൻ കോൺസൻട്രേറ്ററുകൾ, 10,000 ഓക്‌സിജൻ സിലിണ്ടറുകൾ എന്നിവ വിദേശത്ത് നിന്ന് എത്തിക്കും.

 അമേരിക്കയിലെ ഗിലീഡ് സയൻസസ് 4,50,000 ഡോസ് റെം‌ഡെസിവിർ നൽകാമെന്ന് അറിയിച്ചിട്ടുണ്ട്.

 റഷ്യ, യു.എ.ഇ എന്നിവിടങ്ങളിൽ നിന്നും ഫാവിപിറാവിർ 3,00000 ഡോസുകളെത്തും.

 അമേരിക്കയിൽ മരുന്നുകളടക്കമുള്ളവയുമായുള്ള രണ്ട് പ്രത്യേക വിമാനങ്ങൾ ഇന്ന് എത്തിയേക്കും. മറ്റൊന്ന് അടുത്തദിവസവും. യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിച്ച് സഹായം വാഗ്ദാനം നൽകിയിരുന്നു.

 ഈജിപ്തിൽ നിന്ന് കൂടുതൽ റെംഡെസിവിർ ഡോസുകൾ എത്തിക്കും.
 യു.എ.ഇയിൽ നിന്നുള്ള വിമാനത്തിൽ വെന്റിലേറ്ററുകളും മരുന്നുമെത്തും.

 അയർലൻഡിൽ നിന്ന് 700 ഓക്‌സിജൻ കോൺസൻട്രേറ്ററുകളും ഉടനെത്തും.
 ഫ്രാൻസിൽ നിന്നുള്ള വിമാനം ശനിയാഴ്ച വരും.