covid

ന്യൂഡൽഹി: കൂടുതൽ കൊവിഡ് കേസുകളുള്ള ജില്ലകളിൽ കർശന പ്രാദേശിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നി‌ർദ്ദേശം നൽകി. ഇതുൾപ്പെടെയുള്ള കൊവിഡ് മാർഗ നി‌‌ർദ്ദേശങ്ങൾ മേയ് 31 വരെ കർശനമായി തുടരാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോടാവശ്യപ്പെട്ടു.

ഒരാഴ്ചയായി 10 ശതമാനത്തിൽ കൂടുതൽ രോഗസ്ഥിരീകരണ നിരക്കുള്ളതും 60 ശതമാനത്തിലധികം ആശുപത്രി കിടക്കകൾ നിറഞ്ഞതുമായ ജില്ലകളിലാണ് നടപടികൾ ക‌ർശനമാക്കേണ്ടത്. അതേസമയം ലോക് ഡൗണിനെക്കുറിച്ച് പുതിയ മാർഗനിർദ്ദേശത്തിൽ പരാമർശമില്ല.
അതിനിടെ രോഗലക്ഷണങ്ങളില്ലാത്ത കൊവിഡ് രോഗികൾ വീടുകളിൽ ചികിത്സയിൽ കഴിഞ്ഞാൽ മതിയെന്ന് ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു. ലക്ഷണമില്ലാത്തവർ, മിതമായ ലക്ഷണമുള്ളവർ എന്നിവർക്ക് ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമായിരിക്കണം ഹോം ഐസൊലേഷൻ. വീട്ടിൽ ഐസൊലേഷനിലുള്ള രോഗികൾ എല്ലാസമയവും ട്രിപ്പിൾ ലെയർ മെഡിക്കൽ മാസ്‌ക് ധരിക്കും. എട്ടുമണിക്കൂർ മാത്രമേ ഒരു മാസ്‌ക് ധരിക്കാവൂ. രോഗികളും സഹായിയും എൻ. 95 മാസ്ക് തന്നെ ധരിക്കണം. ഇതുൾപ്പെടെ

വീടുകളിൽ ചികിത്സയിൽ കഴിയുന്നവർ പാലിക്കേണ്ട മാർഗനിർദ്ദേശങ്ങൾ ആരോഗ്യമന്ത്രാലയം പുറത്തിറക്കി.