ന്യൂഡൽഹി: ബി.ജെ.പിയുടെ ശക്തമായ വെല്ലുവിളി നേരിയ വ്യത്യാസത്തിൽ അതിജീവിച്ച് പശ്ചിമ ബംഗാളിൽ മമതാ ബാനർജി മൂന്നാം തവണയും വിജയിക്കുമെന്ന് എക്സിറ്റ് പോൾ പ്രവചനം. തമിഴ്നാട്ടിൽ ബി.ജെ.പി - അണ്ണാ ഡി.എം.കെ മുന്നണിയെ തകർത്ത് ഡി.എം.കെ തൂത്തുവാരുമെന്നും അസാമിൽ ബി.ജെ.പി തുടരുമെന്നും സർവെകൾ പ്രവചിക്കുന്നു. പുതുച്ചേരിയിൽ എൻ.ഡി.എയ്ക്ക് അനുകൂലമാണ് പ്രവചനം.
2016ൽ വെറും മൂന്നു സീറ്റുമാത്രം ലഭിച്ച ബി.ജെ.പി പശ്ചിമ ബംഗാളിൽ കനത്ത മുന്നേറ്റം കാഴ്ചവയ്ക്കുന്ന് വ്യക്തമാക്കുന്ന സർവെകൾ 294 അംഗ നിയമസഭയിൽ മമതാ ബാനർജി കഷ്ടിച്ച് കടന്നുകൂടുമെന്ന സൂചനകളാണ് നൽകുന്നത്. രണ്ട് സർവെകൾ ബി.ജെ.പിക്ക് മുൻതൂക്കം പ്രവചിക്കുന്നു. അതേസമയം കോൺഗ്രസ്-ഇടത് സംഖ്യത്തിന് 20ൽ കൂടുതൽ ആരും സാദ്ധ്യത നൽകുന്നില്ല.
തമിഴ്നാട്ടിൽ 234 അംഗ നിയമസഭയിൽ എം.കെ സ്റ്റാലിൻ നയിക്കുന്ന ഡി.എം.കെ വ്യക്തമായ ഭൂരിപക്ഷത്തിൽ അധികാരത്തിൽ കയറുമെന്നാണ് മിക്ക സർവെകളും പറയുന്നത്. ജെ. ജയലളിതയും കരുണാനിധിയും മരിച്ചതിന് ശേഷം നടക്കുന്ന തിരഞ്ഞെടുപ്പിൽ ഭരണ കക്ഷിയായ അണ്ണാ ഡി.എം.കെയും ബി.ജെ.പിയും ചേർന്നുള്ള മുന്നണി ഭരണത്തിൽ വരുമെന്ന് പറയുന്നത് ഒരു ഏജൻസിമാത്രമാണ്.
അസാമിൽ 126അംഗ നിയമസഭയിൽ കോൺഗ്രസിന്റെ പ്രതീക്ഷകൾ തകിടം മറിച്ച് ബി.ജെ.പി തുടർ ഭരണം നേടുമെന്ന പ്രവചനങ്ങളാണ് കൂടുതലും. ബി.ജെ.പിക്ക് 72 സീറ്റുകൾ വരെ പ്രവചിക്കുന്നുണ്ട്. കേവല ഭൂരിപക്ഷത്തിന് 64 സീറ്റാണ് വേണ്ടത്.
പുതുച്ചേരിയിൽ 30 അംഗ നിയമസഭയിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന എസ്.ഡി.എയെ പിന്നിലാക്കി ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ 23 സീറ്റുവരെ നേടുമെന്നാണ് പ്രവചനം.