sc-of-india

ന്യൂഡൽഹി:കേന്ദ്രത്തിന് കുറഞ്ഞ വിലയ്ക്കും സംസ്ഥാനങ്ങൾക്ക് കൂടിയ വിലയ്ക്കും കൊവിഡ് വാക്സിൻ വിൽക്കാൻ സ്വകാര്യ കമ്പനികളെ അനുവദിക്കുന്ന കേന്ദ്രത്തിന്റെ വാക്സിനേഷൻ നയത്തിന്റെ യുക്തി വീണ്ടും ചോദ്യം ചെയ്‌ത സുപ്രീംകോടതി,​ മൊത്തം വാക്സിനും കേന്ദ്രം വാങ്ങി സംസ്ഥാനങ്ങൾക്ക് സന്തുലിതമായി വിതരണം ചെയ്യാനും കൊവിഡ് വാക്സിനേഷൻ ദേശീയ കുത്തിവയ്പ് പദ്ധതിയുടെ ഭാഗമാക്കാനും ആവശ്യപ്പെട്ടു.

പൊതുഖജനാവിലെ പണം ഉപയോഗിച്ചു നിർമ്മിക്കുന്ന വാക്സിൻ പൊതുസ്വത്താണ്. അതിന്റെ വില നിർണയവും വിതരണവും സ്വകാര്യ കമ്പനികൾക്ക് വിട്ടുകൊടുക്കരുത്. പൊതുസ്വത്ത് പങ്കുവയ്ക്കേണ്ടത് സ്വകാര്യ മേഖലയല്ല - കോടതി രൂക്ഷമായി പറഞ്ഞു.

അവശ്യ മരുന്നുകളുടെ വിലനിർണയവും നിർബന്ധിത ലൈസൻസിംഗും സംബന്ധിച്ച പേറ്റന്റ് നിയമം പ്രയോഗിച്ച് കേന്ദ്രത്തിന് വാക്സിൻ ഏറ്റെടുക്കാനും ആ അധികാരം ഉപയോഗിച്ച് കൂടുതൽ വാക്സിൻ യൂണിറ്റുകൾക്ക് ലൈസൻസ് നൽകാനും കഴിയുമെന്ന് കോടതി നിരീക്ഷിച്ചു. വാക്സിൻ കമ്പനികളിലെ സർക്കാർ നിക്ഷേപം കണക്കിലെടുത്ത് കേന്ദ്രത്തിന് വില നിർണയിക്കാം. ​ വില നിർണയം അതീവ ഗൗരവമുള്ള പ്രശ്നമാണ്. പാവങ്ങൾ വാക്സിന് എവിടെ നിന്ന് പണം കണ്ടെത്തും? - കോടതി ചോദിച്ചു.​

കൊവിഡ് പ്രതിരോധത്തിൽ ദേശീയ നയം രൂപീകരിക്കാൻ സ്വമേധയാ ഏറ്റെടുത്ത കേസിൽ വാദം കേൾക്കവെയാണ് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, രവീന്ദ്ര ഭട്ട്, നാഗേശ്വര റാവു എന്നിവരുടെ ബെഞ്ച് വാക്സിൻ വിഷയത്തിൽ ഇടപെട്ടത്. കേസ് മേയ് 10ന് പരിഗണിക്കാനായി മാറ്റി.

@എല്ലാം കമ്പനികൾ നിശ്ചയിക്കുന്നു

കേന്ദ്രം പകുതി വാക്സിൻ മാത്രം വാങ്ങിയിട്ട് വാക്സിൻ വീതം വയ്ക്കാൻ എങ്ങനെ കമ്പനികളോട് ആവശ്യപ്പെടും?​ബാക്കി 50 ശതമാനം വാക്സിൻ സംസ്ഥാനങ്ങൾക്കും തുറന്ന വിപണിയിലും വിൽക്കാൻ കമ്പനികൾക്ക് സ്വാതന്ത്ര്യം നൽകിയിരിക്കുന്നു. ഓരോ സംസ്ഥാനത്തിനും എത്ര നൽകമെന്ന് കമ്പനികൾ തീരുമാനിക്കുന്നു. ഈ സ്വകാര്യ മേഖലാ മാതൃക നമുക്ക് വേണ്ട. മൊത്തം വാക്സിനും കേന്ദ്രം വാങ്ങി സംസ്ഥാനങ്ങൾക്ക് നൽകണം. വാക്സിൻ സംഭരണം കേന്ദ്രീകരിക്കുകയും വിതരണം വികേന്ദ്രീകരിക്കുകയും വേണം. കേന്ദ്രം വാങ്ങിയാലും സംസ്ഥാനങ്ങൾ വാങ്ങിയാലും വാക്സിൻ ആത്യന്തികമായ ജനങ്ങൾക്കു വേണ്ടിയാണ്. അതുകൊണ്ടു തന്നെ ഇത് സാർവത്രിക വാക്സിനേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തണം.

@അമേരിക്കയിലേക്കാൾ കൂടിയ വില

അസ്ട്ര സെനക കമ്പനി അമേരിക്കയിൽ 2.15 ഡോളറിനാണ് ( 188 രൂപ )​ വാക്സിൻ നൽകുന്നത്. യൂറോപ്യൻ യൂണിയനിൽ അതിനേക്കാൾ കുറവാണ്. അതേ വാക്സിന് നമ്മൾ എന്തിന് അതിൽ കൂടുതൽ വില നൽകണം?​ ഇന്ത്യയിൽ സംസ്ഥാനങ്ങൾക്ക് 600 രൂപയാണ് ആദ്യം നിശ്ചയിച്ചത്. സ്വകാര്യ ആശുപത്രികൾക്ക് 1200രൂപയും. വില നിർണയം അസാധാരണമാം വിധം ഗൗരവമുള്ളതാണ്.

@പണം ഇല്ലാത്തവർ എന്ത് ചെയ്യും?​

45വയസ് കഴിഞ്ഞവർക്ക് സൗജന്യമായി വാക്സിൻ നൽകുമ്പോൾ 59 കോടി വരുന്ന 18-45 പ്രായക്കാർ സ്വകാര്യ മേഖലയിൽ നിന്ന് വാങ്ങണം. പാവപ്പെട്ടവരും പാർശ്വവത്ക്കരിക്കപ്പെട്ടവരും പണമില്ലാത്തവരും പട്ടികജാതി പട്ടിക വർഗക്കാരും അതിലുണ്ട്. അവർ എവിടെ നിന്ന് പണം കണ്ടെത്തും. പ്രതിസന്ധി കാലത്ത് സ്വകാര്യ മേഖലയുടെ രീതി പറ്റില്ല. അതിനാൽ കൊവിഡിലും ദേശീയ കുത്തിവയ്പ് പദ്ധതി തുടരണം. കേന്ദ്രം വാക്സിൻ പൂർണമായി ഏറ്റെടുക്കണം

@പോരാളികൾക്കു വേണ്ടിയും

ഡോക്ടർമാരും നഴ്സുമാരും മെഡിക്കൽ ജീവനക്കാരുടെയും ദുരിതവും കോടതി എടുത്തു പറഞ്ഞു. ഇവരെ കൊവിഡ് പോരാളികളെന്ന് വിളിച്ചാൽ മാത്രം പോരാ. അവർക്കു വേണ്ടി സർക്കാർ എന്തു ചെയ്യുന്നു?​ കൊവിഡിൽ നിന്ന് അവർക്ക് സംരക്ഷണം ഉണ്ടോ?​ മെഡിക്കൽ സ്റ്റാഫിന്റെ കുറവ് പരിഹരിക്കാൻ എന്തു ചെയ്‌തെന്നും കോടതി ചോദിച്ചു.