ന്യൂഡൽഹി: മുൻ അറ്റോർണി ജനറലും പ്രമുഖ നിയമജ്ഞനുമായ സോളി സോറാബ്ജി കൊവിഡ് ബാധിച്ച് മരിച്ചു. 91 വയസായിരുന്നു. മുതിർന്ന അഭിഭാഷകനും പത്മവിഭൂഷൺ ജേതാവുമായ അദ്ദേഹത്തിൻറെ അന്ത്യം ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെയായിരുന്നു. ഭാര്യ സെന സൊറാബ്ജി കൊവിഡ് ബാധിച്ച് ചികിത്സയിലാണ്.

1989 -1990 വരെയും 1998 മുതൽ 2004 വരെയും രാജ്യത്തിൻറെ അറ്റോർണി ജനറലായിരുന്നു.

2002ൽ പത്മവിഭൂഷൺ നൽകി ആദരിച്ചു.മുംബയിൽ 1930ലാണ് സോളി ജഹാംഗീർ സൊറാബ്ജി ജനിച്ചത്. മുംബയ് ഗവ. ലാ കോളേജിൽ നിന്ന് നിയമബിരുദം നേടി.1953ൽ ബോംബെ ഹൈക്കോടതിയിൽ പ്രാക്ടീസ് തുടങ്ങി. 1971ൽ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനായി.

1977 മുതൽ 1980 വരെ സോളിസിറ്റർ ജനറലായിരുന്നു. ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ മനുഷ്യാവകാശത്തിനും മാദ്ധ്യമ സ്വാതന്ത്ര്യത്തിനുമായി ശക്തമായി പോരാടി.

1998 മുതൽ 2004 വരെ യു.എന്നിന്റെ മനുഷ്യാവകശാ സബ് കമ്മിഷൻ ചെയർമാനായിരുന്നു. അന്താരാഷ്ട്ര കോടതിയിയിൽ 2000 മുതൽ 2006വരെ അംഗമായി. 2002ൽ ഇന്ത്യൻ ഭരണഘടന റിവ്യൂ കമ്മിഷനിൽ അംഗമായി. ഭരണഘടന സംബന്ധിച്ച ചരിത്രപരമായ കേശവാനന്ദഭാരതി കേസ്, കേന്ദ്ര- സംസ്ഥാന ബന്ധങ്ങളെ സംബന്ധിച്ച് സുപ്രധാനമായ എസ്.ആർ ബൊമ്മൈ കേസ് എന്നിവയുടെ ഭാഗമായിരുന്നു. പ്രമുഖ കോർപറേറ്റ് അഭിഭാഷക സിയ മോദി മകളാണ്. ഹോർമസ്ദ് സോറാബ്ജി, ജെഹാംഗീർ എസ്. സൊറാബ്ജി എന്നിവരാണ് മറ്റു മക്കൾ.

രാഷ്ട്രപതി രാംനാഥ് കൊവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, സുപ്രീംകോടതി ചീഫ്ജസ്റ്റിസ് എൻ.വി രമണ തുടങ്ങിയ പ്രമുഖർ അനുശോചിച്ചു.